Sports News
പരാഗ്‌ ഒരു യുവ താരമാണ്, അവന്‍ മെച്ചപ്പെടുന്നുണ്ട്: രവിചന്ദ്രന്‍ അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 11, 09:44 am
Thursday, 11th January 2024, 3:14 pm

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ താരം റിയാന്‍ പരാഗിന് കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് താരം പല വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ സഹ താരത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ആര്‍. അശ്വിന്‍. ഐ.പി.എല്‍ പ്രകടനത്തെ മുന്‍ നിര്‍ത്തി യുവതാരത്തെ കുറ്റപ്പെടുത്തരുതെന്നാണ് അശ്വിന്‍ പറയുന്നത്.

നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റില്‍ 22കാരനായ പരാഗ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

‘ഐ.പി.എല്‍ പ്രകടനം മുന്‍ നിര്‍ത്തി പരാഗ് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവന്‍ ഇപ്പോഴും ഒരു യുവതാരമാണ്, അവന്‍ മെച്ചപ്പെടുന്നുണ്ട്. സൈദ് മുഷ്താഖ് അലിയിലും, വിജയ് ഹസാരെ ട്രോഫിയിലും പരാഗ് നന്നായി കളിച്ചു. ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ അസമിന് വേണ്ടി 155 റണ്‍സാണ് അവന്‍ നേടിയത്,’ അശ്വിന്‍ പറഞ്ഞു.

രഞ്ജിയില്‍ ഛാര്‍ഗണ്ഡിനെതിരെ 87 പന്തില്‍ നിന്ന് 155 റണ്‍സാണ് താരം നേടിയത്. 12 സിക്സറുകളും 11 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു താരത്തിന്റെ തീപാറും പ്രകടനം.
ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് താരമാകാനും പരാഗിന് കഴിഞ്ഞിരുന്നു. റിഷഭ് പന്ത് ആണ് രഞ്ജിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടി റെക്കോഡ് ഇട്ടത്.

നായകസ്ഥാനത്ത് നിന്ന് വെറും 56 പന്തിലാണ് പരാഗ് തന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

‘ അവന്‍ 87 പന്തില്‍ 155 റണ്‍സ് നേടി. വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ അവസാന നിരയില്‍ നിന്ന് അഗ്രസീവായിട്ടാണ് അവന്‍ കളിച്ചത്. ടീമിന്റെ മൊത്തം ചുമതലയും അവന്‍ ഏറ്റെടുത്തു,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സൈദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 മത്സരങ്ങളില്‍ നിന്ന് 510 റണ്‍സ് നേടി ഹൈ സ്‌കോററാകാനും താരത്തിന് കഴിഞ്ഞു. ഇനി വരാനിരിക്കുന്ന ഐ.പി.എല്ലില്‍ താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: R Ashwin in support of Riyan Parag