കോഴിക്കോട്: ദീപുവിന്റെ മരണം കരള്‍രോഗം മൂലമാണെന്ന തന്റെ പ്രസ്താവന തെറ്റാണെങ്കില്‍ തിരുത്തുമെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജന്‍. എഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സംഭവം നടന്ന അടുത്ത ദവസങ്ങളില്‍ ഒരു പരാതിയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് കരള്‍ സംബന്ധമായ ഗുരുതര രോഗമുള്ളതായി ആയിരുന്നു ഞാന്‍ മനസിലാക്കിയിരുന്നത്. ഇനി അത് തെറ്റാണങ്കില്‍ പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാണ്.
പക്ഷേ, ഒരു പൊതുപ്രവ്രര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ഇന്നലെ മനസിലാക്കിയ കാര്യമാണ് പറഞ്ഞത്. ദീപുവിന്റെ മരണത്തില്‍ ദുഃഖമുണ്ട്, നാല് പേര്‍ കുറ്റക്കാരെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. എന്നാല്‍ കുറ്റക്കാരല്ലെങ്കില്‍ വെറുതെ അവരെ കുറ്റാരോപിതരാക്കേണ്ടതില്ലല്ലോ,’ പി.വി. ശ്രീനിജന്‍ പറഞ്ഞു.
ദീപുവിന്റെ മരണം ആശുപത്രിക്കാര്‍ മറച്ചുവെച്ചുവെന്ന് ചര്‍ച്ചയില്‍ കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ് ആരോപിച്ചു.
രണ്ടു ദിവസം വെന്റിലേറ്ററില്‍ കിടത്തി. കയ്യനക്കുന്നുണ്ട്, കാലനക്കുന്നുണ്ട് എന്നൊക്കെ വെറുതെ പറഞ്ഞു. തനിക്ക് മര്‍ദനമേറ്റെന്ന് ദീപു മൊഴി കൊടുത്തിരുന്നു. ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണ്. ആക്രമണം പെട്ടന്നുള്ള പ്രകോപനം മൂലമല്ല. പരിശീലനം ലഭിച്ചവരാണ് കൊലപാതകം നടത്തിയത്. ആന്തരിക രക്തസ്രാവം ഉണ്ടാക്കി കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്റി 20 എന്ന പാര്‍ട്ടി ഇല്ലാതാകുമെന്ന് ഭയക്കുന്ന കിറ്റക്‌സ് ഗ്രൂപ്പ് എം.ഡിയും പാര്‍ട്ടി കണ്‍വീനറുമായ സാബു എം. ജേക്കബ് ദീപുവിന്റെ മരണം രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുകയാണെന്ന് പി.വി. ശ്രീനിജന്‍ നേരത്തെ പറഞ്ഞിരുന്നു.
സാബു ജേക്കബ് ദീപുവിന്റെ മരണത്തിന് പിന്നില്‍ താനാണെന്ന് ആരോപിക്കുന്നതും വിഷയം കത്തിക്കുന്നതും സ്വാര്‍ത്ഥലാഭത്തിന് വേണ്ടിയാണ്. ഏത് അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നു. ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സാബു എം. ജേക്കബിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീനിജിന്‍ തിരുവനന്തപുരത്ത് പറഞ്ഞു.