കോഴിക്കോട്: രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പി.വി അബ്ദുള്‍ വഹാബിനെ മുസ്‌ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ലീഗ് ഉന്നതാധികാര സമിതി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതെന്നും ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നതിനായി ഇന്നലെ ചോര്‍ന്ന മുസ്‌ലീം ലീഗ് ഉന്നത തല യോഗങ്ങള്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതേ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു.
സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ്, സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ പി.വി. അബ്ദുള്‍വഹാബ് എന്നിവരില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതായിരുന്നു പാര്‍ട്ടിയില്‍ നില നിന്നിരുന്ന തര്‍ക്കം. ഇതിനിടെ പി.വി അബ്ദുള്‍ വഹാബിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ മുനവറലി ശിഹാബ് തങ്ങള്‍ രംഗത്ത് വരികയും ചെയ്തു.
പാര്‍ട്ടിയുടെ പാരമ്പര്യത്തിന് കോട്ടം തട്ടാത്ത വിധത്തിലുള്ള തീരുമാനം വേണമെന്നും മുമ്പ് ഒരു മുതലാളിയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് മുസ്‌ലീം ലീഗിന് വലിയ വില നല്‍കേണ്ടി വന്നിരുന്നു എന്നുമായിരുന്നു മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം പണമുണ്ടാക്കുന്നത് കുറ്റകരമല്ലല്ലോ എന്നാണ് സ്ഥാനാത്ഥി നിര്‍ണയത്തിനു ശേഷം വഹാബ് പ്രതികരിച്ചത്. തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോവുമെന്നും അബ്ദുള്‍ വാഹാബ് പറഞ്ഞു.