കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കെ.സുധാകരന്‍ സഹായിച്ചെന്ന് പരാതി. സുധാകരന്‍ എം.പി നേരിട്ട് ഇടപെട്ടുവെന്നാണ് പരാതിക്കാരനായ അനൂപ് പറയുന്നത്.
ഫെമ പ്രകാരം തടഞ്ഞുവെച്ചിരിക്കുന്ന തന്റെ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിട്ടുകിട്ടാന്‍ സുധാകരന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പണം നിക്ഷേപിച്ചവരെ മോന്‍സന്‍ അറിയിച്ചു.
എന്നാല്‍, നിക്ഷേപകര്‍ ഇത് വിശ്വസിക്കാഞ്ഞതോടെ സുധാകരനുമായി നേരിട്ട് കൂടിക്കാഴച്ച മോന്‍സന്‍ ഒരുക്കി. 2018 നവംബര്‍ 22 ന് സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന്റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാന്‍ പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റിയെ ഇടപെടുത്താമെന്നും ദല്‍ഹിയിലെ വിഷയങ്ങള്‍ പരിഹരിക്കാമെന്നും സുധാകരന്‍ വാഗ്ദാനം നല്‍കിയതായി പരാതിക്കാരനായ അനൂപ് പറയുന്നു. പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്റെ സാന്നിധ്യത്തില്‍ കൈമാറിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.
പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി, ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, തുടങ്ങിയവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്.
സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരടക്കമുളള ഉന്നതരുമായുളള ബന്ധം മറയാക്കിയാണ് കൊച്ചിയില്‍ പുരാവസ്തു വില്‍പനയുടെ മറവില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി.
ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളി നാണയങ്ങളും, മോശയുടെ അംശവടിയും കണ്ട മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.
ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നെന്നും, ഇവരെ ഉപയോഗിച്ച് കേസ് വഴി തിരിച്ചു വിടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്.
തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സന്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.
പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
എന്നാല്‍ പരിശോധനയില്‍ ബാങ്കിലോ വിദേശത്തോ ഇയാള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഇത് ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം തന്റെ കൈവശമുള്ളത് ഒറിജിനലല്ല, അതിന്റെ പകര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ്
മോന്‍സന്‍ നല്‍കിയ മൊഴി.