തോൽവിയിലും തലയുയർത്തി നിൽക്കാം, പുതിയ റെക്കോഡ് എഴുതിച്ചേർത്തു; ചരിത്രനേട്ടവുമായി പഞ്ചാബ് രാജാക്കന്മാർ
Cricket
തോൽവിയിലും തലയുയർത്തി നിൽക്കാം, പുതിയ റെക്കോഡ് എഴുതിച്ചേർത്തു; ചരിത്രനേട്ടവുമായി പഞ്ചാബ് രാജാക്കന്മാർ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th April 2024, 10:45 am

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഒന്‍പത് റണ്‍സിന് മുംബൈ പരാജയപ്പെടുത്തിയത്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ചെയ്‌സിങ്ങിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായതിനു ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീം എന്ന നേട്ടമാണ് പഞ്ചാബ് സ്വന്തമാക്കിയത്. മുംബൈയ്ക്കെതിരെ ആറ് വിക്കറ്റ് നഷ്ടപ്പെട്ടതിനുശേഷം 106 റണ്‍സാണ് പഞ്ചാബ് നേടിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ആയിരുന്നു. 2023 ഗുജറാത്ത് ഐറ്റംസിനെതിരെയുള്ള മത്സരത്തില്‍ ആറുവിക്കറ്റുകള്‍ നഷ്ടമായതിനു ശേഷം 105 റണ്‍സാണ് ഓറഞ്ച് ആര്‍മി നേടിയത്.

പഞ്ചാബിന്റെ ബാറ്റിങ് നിരയില്‍ അശുതോഷ് ശര്‍മ നടത്തിയ പോരാട്ടവീര്യമാണ് ഏറെ ശ്രദ്ധേയമായത്. പഞ്ചാബ് ബാറ്റിങ് തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുകയായിരുന്നു.

മൂന്നാം ഓവര്‍ ആയപ്പോഴേക്കും നാല് മുന്‍നിര താരങ്ങളെയാണ് പഞ്ചാബിന് നഷ്ടമായത്. ഇവിടെനിന്നും ടീമിനെ വിജയത്തിന് തൊട്ടരികില്‍ എത്തിക്കുകയായിരുന്നു അശുതോഷ് സിങ്. 28 പന്തില്‍ 61 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശുതോഷിന്റെ തകര്‍പ്പന്‍ പ്രകടനം. രണ്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളുമാണ് താരം അടിച്ചെടുത്തത്. 217.66 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അശുതോഷിന് പുറമേ ശശാങ്കു സിങ്ങും മികച്ച പ്രകടനം നടത്തി. രണ്ട് ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പെടെ 25 പന്തില്‍ നിന്ന് 41 റണ്‍സാണ് ശശാങ്ക് നേടിയത്.

മുംബൈ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സീ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ , ശ്രേയസ് ഗോപാല്‍, ആകാശ് മധ്വാള്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും മിന്നും പ്രകടനം നടത്തി.

53 പന്തില്‍ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ കരുത്തിലാണ് മുംബൈ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 147.17 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സൂര്യകുമാര്‍ ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് നേടിയത്.

രോഹിത് ശര്‍മ 25 പന്തില്‍ 36 റണ്‍സും തിലക് വര്‍മ 18 പന്തില്‍ 34 റണ്‍സും നേടി നിര്‍ണായകമായി. പഞ്ചാബ് ബൗളിങ്ങില്‍ ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റും സാം കറന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

അതേസമയം നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും അഞ്ച് തോല്‍വിയും അടക്കം നാല് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്.

ഏപ്രില്‍ 21ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: Punjab Kings create a new record in IPL