ഇസ്‌ലാമാബാദ്: ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) നേതാവ്.
പൊതുചടങ്ങുകളില്‍ അഭിസംബോധന ചെയ്യുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ധരിക്കാന്‍ ഇമ്രാന്‍ ഖാന് നിര്‍ദേശം ലഭിച്ചതായും പാകിസ്ഥാന്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പി.ടി.ഐ നേതാവ് ഫൈസല്‍ വാര്‍ധ പറഞ്ഞു.
”പൊതുചടങ്ങുകളെ അഭിസംബോധന ചെയ്യുമ്പോള്‍ ബുള്ളറ്റ് ഷീല്‍ഡ് ധരിക്കാന്‍ ഇമ്രാന്‍ ഖാന് ഉപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍, സര്‍വ്വശക്തനായ അല്ലാഹു നിശ്ചയിച്ച സമയത്ത് മാത്രമേ ഈ ലോകം വിടുകയുള്ളൂ എന്നായിരുന്നു ഖാന്‍ നല്‍കിയ മറുപടി,” ഫൈസല്‍ വാര്‍ധ പറഞ്ഞു.
”വിദേശ നയത്തിന്റെ കാര്യത്തില്‍ ഇമ്രാന്‍ ഖാന് കൃത്യമായ നിലപാടുകളുണ്ട്. പാകിസ്ഥാന്‍ ഇനി മറ്റ് രാജ്യങ്ങളുടെ യുദ്ധത്തിന്റെ ഭാഗമാകില്ല.
ഞങ്ങളുടെ അയല്‍രാജ്യങ്ങള്‍ ആക്രമിക്കാന്‍ വേണ്ടി ഞങ്ങളുടെ തന്നെ എയര്‍ബേസ് മറ്റൊരു രാജ്യത്തിനും വിട്ടുകൊടുക്കില്ല,” പി.ടി.ഐ നേതാവ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാനിരുന്നതായിരുന്നു ഇമ്രാന്‍ ഖാന്‍. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
ഇമ്രാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊതുവേദിയില്‍ സംസാരിക്കുന്നതില്‍ നിന്നും ഇമ്രാന്‍ പിന്മാറിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
അവിശ്വാസ പ്രമേയം നേരിടുന്ന ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു പ്രതിപക്ഷമായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്ഥാന്‍ (എം.ക്യു.എം.പി) ധാരണയിലെത്തിയത്.
പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയ കാര്യം മുതിര്‍ന്ന എം.ക്യു.എം നേതാവ് ഫൈസല്‍ സബ്സ്വാരിയും സ്ഥിരീകരിച്ചു. എം.ക്യു.എം പിയുമായി ധാരണയായതോടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പുതന്നെ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്.
342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണ നേടേണ്ടതുണ്ട്.
ഭരണകക്ഷിയായ ഇമ്രാന്‍ ഖാന്റെ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിക്ക് 155 സീറ്റുകളാണുള്ളത്. 2018ല്‍ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് 179 അംഗങ്ങളുമായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്.
ഇപ്പോള്‍ എം.ക്യു.എം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ സര്‍ക്കാരിന് 164 പേരുടെ പിന്തുണയാണുള്ളത്. ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകും.
അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്ക് വേണ്ടി മാര്‍ച്ച് 31നാണ് പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലി ചേരുന്നത്.
Content Highlight: PTI leader said Pakistan PM Imran Khan’s life is in danger, plot to ‘assassinate’ him