ചരിത്രത്തിലെ ഏറ്റവും മോശം ചാമ്പ്യന്‍മാര്‍; ലക്ഷ്യമിട്ടത് ഹാട്രിക് കിരീടം, ജയമെന്തെന്ന് അറിയാതെ മടക്കം
Sports News
ചരിത്രത്തിലെ ഏറ്റവും മോശം ചാമ്പ്യന്‍മാര്‍; ലക്ഷ്യമിട്ടത് ഹാട്രിക് കിരീടം, ജയമെന്തെന്ന് അറിയാതെ മടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th March 2024, 9:04 pm

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലാഹോര്‍ ഖലന്തേഴ്‌സ് പുറത്ത്. സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും ജയിക്കാന്‍ സാധിക്കാതെയാണ് ഷഹീന്‍ അഫ്രിദിയുടെയും സംഘത്തിന്റെയും മടക്കം.

2022ലും 2023ലും കിരീടം നേടിയ ഖലന്തേഴ്‌സ് 2024ലും പി.എസ്.എല്‍ ചാമ്പ്യന്‍മാരായി ഹാട്രിക് പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങിയത്. പി.എസ്.എല്ലിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തിയ ഒരേയൊരു ടീമില്‍ നിന്നും ആരാധകര്‍ ഹാട്രിക് കിരീടം പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ആ പ്രതീക്ഷ ഒന്നടങ്കം അസ്തമിക്കുന്ന കാഴ്ചയായിരുന്നു സീസണില്‍ കണ്ടത്. പുറത്താകുമ്പോള്‍ ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ ഖലന്തേഴ്‌സിന് സാധിച്ചിരുന്നില്ല.

ആദ്യ ഏഴ് മത്സരത്തില്‍ ആറിലും പരാജയപ്പെട്ടപ്പോള്‍ മഴയെടുത്തതോടെ ഒരു മത്സരം സമനിലയിലും കലാശിച്ചു. മഴയുടെ കനിവില്‍ ലഭിച്ച ഒറ്റ പോയിന്റ് മാത്രമായിരുന്നു ഷഹീനിന്റെ പടയ്ക്കുണ്ടായിരുന്നത്. ഇതോടെ ജയമെന്തെന്നറിയാതെ ലാഹോര്‍ പുറത്തായി.

ഇതോടെ ഈ സീസണില്‍ പുറത്താകുന്ന ആദ്യ ടീമാകാനും ഖലന്തേഴ്‌സിനായി.

അതേസമയം, ഖലന്തേഴ്‌സ് നിലവില്‍ തങ്ങളുടെ എട്ടാം മത്സരം കളിച്ചുകൊണ്ടിരിക്കുകയാണ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇസ്‌ലമാബാദ് യുണൈറ്റഡാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ യുണൈറ്റഡ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രിദിയിലൂടെയും റാസി വാന്‍ ഡെര്‍ ഡസനിലൂടെയും തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്.

നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ 98ന് അഞ്ച് എന്ന നിലയിലാണ് ഖലന്തേഴ്‌സ്. 31 പന്തില്‍ 38 റണ്‍സുമായി റാസി വാന്‍ ഡെര്‍ ഡസനും നാല് പന്തില്‍ നാല് റണ്‍സുമായി അഹ്‌സാന്‍ ഭാട്ടിയുമാണ് ക്രീസില്‍. 14 പന്തില്‍ 30 റണ്‍ഡസ് നേടിയ ഷഹീനാണ് ഖലന്തേഴ്‌സിനായി പിടിച്ചുനിന്ന മറ്റൊരു താരം.

 

Content Highlight: PSL 2024, Lahore Qalandars eliminated  from the tournament