ഫ്രഞ്ച് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് പി.എസ്.ജി. ഞായറാഴ്ച നടന്ന മത്സരത്തിൽ ലോസ്ക് ലില്ലിയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പി. എസ്.ജി പരാജയപ്പെടുത്തിയത്.
മത്സരത്തിൽ സൂപ്പർ താരങ്ങളായ മെസി, നെയ്മർ, എംബാപ്പെ എന്നിവർ പാരിസ് ക്ലബ്ബിനായി ഗോൾ സ്കോർ ചെയ്തിരുന്നു.എന്നാൽ മത്സരത്തിൽ പരിക്കേറ്റ് നെയ്മർ ഗ്രൗണ്ട് വിട്ടിരുന്നു. ഇതോടെ പരിക്കുകൾ തുടർക്കഥയായ നെയ്മറിനെ ക്ലബ്ബ് ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾക്ക് കൂടുതൽ പ്രാധാന്യം കൈവരുകയാണ്.
താരം ചെൽസിയിലേക്ക് പോകുമെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.
തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത്ത് വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചെൽസി നെയ്മറെ സൈൻ ചെയ്യാൻ ശ്രമിക്കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാലിപ്പോൾ നെയ്മർ ക്ലബ്ബ് വിട്ടാൽ ആ സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരമായ അലജാന്ദ്രോ ഗെർണാച്ചോയെ പി.എസ്.ജി കൊണ്ട് വരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
120 മില്യൺ യൂറോ വരെ വിലനൽകി ഗെർണാച്ചോയെ വാങ്ങാൻ പി.എസ്.ജിക്ക് താൽപര്യമുണ്ടെന്ന് എൽ ഫുട്ബോലെരോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ മാൻ യുണൈറ്റഡിനായി മിന്നുന്ന ഫോമിൽ കളിക്കുന്ന യുവ അർജന്റൈൻ താരത്തെ ക്ലബ്ബ് പി.എസ്.ജിക്ക് വിട്ട് കൊടുക്കാൻ സാധ്യതയില്ലെന്നാണ് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്നത്.
മാൻ യുണൈറ്റഡിന്റെ വിങ്ങുകളിൽ വേഗതയോടെ കളിക്കുന്ന ഗെർണാച്ചോ പ്രതിരോധ താരങ്ങളെ മറികടന്ന് ഗോൾ നേടുന്നതിലും മികവ് പ്രകടിപ്പിക്കുന്ന താരമാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ ഇതുവരെ മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ഗെർണാച്ചോ സ്വന്തമാക്കിയത്. കൂടാതെ ടെൻ ഹാഗിന് കീഴിൽ നിരവധി അവസരങ്ങളും താരത്തിന് കൈവരുന്നുണ്ട്.
അതേസമയം 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളോടെ 57 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി
ഫെബ്രുവരി 27ന് ചിരവൈരികളായ മാഴ്സലെക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.