ലീഗ് വൺ ടൈറ്റിലും ചാമ്പ്യൻസ് ലീഗും വിജയിക്കാനുള്ള കടുത്ത മത്സരത്തിലാണ് പി.എസ്.ജി. ലോകകപ്പ് ഇടവേളക്ക് ശേഷം പുനരാരംഭിച്ച ലീഗ് വണ്ണിൽ പക്ഷെ ക്ലബ്ബിന് പ്രതീക്ഷിച്ചത് പോലെയുള്ള പോരാട്ട വീര്യം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.
ലോകത്തെ ഏത് ക്ലബ്ബും ആഗ്രഹിക്കുന്ന തരത്തിലുള്ള സ്‌ക്വാഡ് ഡെപ്ത് കൈവശമുണ്ടായിട്ടും ക്ലബ്ബിന് ഉയർന്ന നിലവാരത്തിലുള്ള പ്രകടനം സ്ഥിരമായി കാഴ്ച്ചവെക്കാൻ സാധിക്കാത്തതിൽ ആരാധകരും നിരാശരാണ്.
നിലവിൽ 47 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാമതാണെങ്കിലും ടൈറ്റിൽ പോരാട്ടത്തിനായിട്ടുള്ള തങ്ങളുടെ അപ്രമാധത്യം അരക്കിട്ടുറപ്പിക്കാൻ ഈ പ്രകടനം കൊണ്ട് സാധിക്കില്ല.
എന്നാലിപ്പോൾ പി.എസ്.ജിയുടെ മത്സര തന്ത്രങ്ങളിൽ മൊത്തത്തിൽ അഴിച്ചു പണി നടത്താനും താരങ്ങൾ തമ്മിലുള്ള ഒത്തൊരുമ കൂടുതൽ വർധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് പി.എസ്.ജി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഫ്രഞ്ച് മാധ്യമമായ എൽ എക്വപ്പ പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം പി.എസ്.ജി അവരുടെ മത്സരത്തിനുള്ള ഫോർമേഷൻ 4-4-2ൽ നിന്നും 3-4-2-1ലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ട്.
കൂടാതെ ഒരു റൈറ്റ് വിങ്ങർ പ്ലെയറെക്കൂടി ടീമിലെത്തിച്ച് ഇടത് വിങിൽ കളിക്കുന്ന നെയ്മർക്ക് സപ്പോർട്ട് നല്കാനും ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. ഇതൊടെ അറ്റാക്കിങിൽ കളിക്കുന്ന എംബാപ്പെക്കും നെയ്മർക്കും ഇരു വിങ്ങുകളിൽ നിന്നും സുഗമമായി പന്തെത്തും.
ചെൽസിയിൽ നിന്നും ഹക്കീം സീയെച്ചിനെയോ ലിയോണിൽ നിന്നും റയൻ ചേർക്കിയേയോ ടീമിലെത്തിക്കാൻ പി.എസ്. ജിക്ക് പദ്ധതികളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പി.എസ്.ജി. യുടെ പദ്ധതികൾ നടപ്പിലാവണമെങ്കിൽ മെസിയും നെയ്മറും ടീമിൽ തുടരണം. എന്നാൽ ഇരു താരങ്ങളും അടുത്ത സീസണിൽ പി.എസ്.ജിയിൽ തുടരുമെന്ന തരത്തിൽ ഇരു താരങ്ങളുടെയും ഭാഗത്ത് നിന്ന് സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളോന്നും പുറത്ത് വന്നിട്ടില്ല.