എംബാപെക്ക് ഇനിയും കുരുപൊട്ടുമെന്നുറപ്പായി; നെയ്മറിന് ശേഷം അടുത്ത ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങി പി.എസ്.ജി
Football
എംബാപെക്ക് ഇനിയും കുരുപൊട്ടുമെന്നുറപ്പായി; നെയ്മറിന് ശേഷം അടുത്ത ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങി പി.എസ്.ജി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th August 2022, 6:08 pm

ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ നിരയുള്ള ടീമാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ഷെര്‍മാങ്. മെസിയും നെയ്മറും എംബാപെയുമടങ്ങുന്ന പി.എസ്.ജിയുടെ അറ്റാക്കിങ് നിര ഏത് ടീമിന്റെയും പ്രതിരോധക്കോട്ട തകര്‍ക്കാന്‍ പോന്നതാണ്.

ഇപ്പോഴിതാ ടീമിന്റെ മധ്യനിര ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പി.എസ്.ജി. ഇതിനായി ബ്രസീലിയന്‍ മിഡ്ഫീല്‍ഡറെ ടീമിലെത്തിക്കാനുള്ള ചരടുവലികളാണ് ഇപ്പോള്‍ പി.എസ്.ജി നടത്തുന്നത്.

ബ്രസീലിയന്‍ സൂപ്പര്‍ താരം ആന്‍ഡ്രേ സാന്റോസിനെയാണ് പി.എസ്.ജി നോട്ടമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സലോണയും കണ്ണുവെക്കുന്ന സൂപ്പര്‍ താരത്തിന് പുറകെ ഫ്രഞ്ച് ഭീമന്‍മാരും ഓട്ടം തുടങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമമായ എ.എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരുപക്ഷേ, സാന്റോസ് പാരീസിലെത്തുകയാണെങ്കില്‍ പി.എസ്.ജിയില്‍ ലാറ്റിനമേരിക്കന്‍ താരങ്ങളുടെ അപ്പര്‍ ഹാന്‍ഡാവും ഉണ്ടാവുക. മെസിയും, നെയ്മറും ഒപ്പം നിരവധി അര്‍ജന്റൈന്‍ താരങ്ങളുമടങ്ങുന്ന പി.എസ്.ജിയിലെ ലാറ്റിനമേരിക്കന്‍ സ്‌ക്വാഡിലേക്ക് സാന്റോസ് വരികയാണെങ്കില്‍ ടീമിലെ ലാറ്റിനമേരിക്കന്‍ മേധാവിത്വം ഒന്നുകൂടി ശക്തമാവും.

 

ഇങ്ങനെ സംഭവിച്ചാല്‍ ഏറ്റവുമധികം ഫ്രസ്‌ട്രേറ്റഡാവാന്‍ പോവുന്നത് പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപെയാകുമെന്നതില്‍ ഒരു സംശയവുമില്ല. നെയ്മറുമായുള്ള പിണക്കങ്ങള്‍ക്കിടയിലേക്ക് മറ്റൊരു ബ്രസീലിയന്‍ താരം കൂടിയെത്തുമ്പോള്‍ എംബാപെ നിരാശനാകുമെന്നുറപ്പാണ്.

അതേസമയം, പോര്‍ട്ടോ താരമായ വിറ്റിന്‍ഹ, ലില്ലെയുടെ മധ്യനിര താരം റെനാറ്റ സാഞ്ചസ് എന്നിവരെ ഇതിനോടകം തന്നെ പി.എസ്.ജി മിഡ്ഫീല്‍ഡര്‍മാരായി ടീമിലെത്തിച്ചിട്ടുണ്ട്.

ഇവര്‍ക്കുപുറമെ സ്‌പോര്‍ടിങ് സി.പിയില്‍ നിന്നും നുനോ മെന്‍ഡിസിനെയും ആര്‍.പി ലെയ്പ്‌സിഗില്‍ നിന്നും ഫ്രഞ്ച് താരം നോര്‍ഡി മുകേലെയെയും പ്രതിരോധത്തില്‍ കരുത്താവാന്‍ ഗാള്‍ട്ടിയര്‍ പി.എസ്.ജിയിലെത്തിച്ചിട്ടുണ്ട്.

അതേസമയം, സാന്റോസിന്റെ വരവോടുകൂടി അടുത്ത സമ്മറില്‍ ടീം വിടാനൊരുങ്ങുന്ന ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌ക്കറ്റ്‌സിന്റെ വിടവ് നികത്താനാണ് ബാഴ്‌സ ഒരുങ്ങുന്നത്.

ലെവന്‍ഡോസ്‌കി അടക്കം നിരവധി താരങ്ങളെ ഈ സമ്മറില്‍ ടീമിലെത്തിച്ച ബാഴ്‌സ, സാന്റോസിന്റെ വരവോടെ ഒന്നുകൂടി ശക്തമാകുമെന്നുറപ്പാണ്.

രണ്ട് മിഡ്ഫീല്‍ഡര്‍മാരെ ഇതിനോടകം ബാഴ്‌സയിലെത്തിച്ച സാവി മധ്യനിര ഡബിള്‍ സ്‌ട്രോങ്ങാക്കാനാണ് ഒരുങ്ങുന്നത്. എ.സി മിലാനില്‍ നിന്നും ഫ്രീ ട്രാന്‍സ്ഫറായി എത്തിച്ച ഫ്രാങ്ക് കെസ്സിയും റേസിങ് സന്റാണ്ടറില്‍ നിന്നും പാബ്ലോ ടോറെയുമാണ് ബാഴ്‌സയിലുള്ളത്.

 

Content Highlight: PSG join Barcelona and Manchester City in race to sign Brazilian midfielder Andrey Santos