Malayalam Cinema
'ടിക്കറ്റെടുക്കാന്‍ വരുന്നവരോട് സിനിമ മോശമാണെന്നുവരെ തിയേറ്ററുകാര്‍ പറയുന്നു'; തൊട്ടപ്പന്‍ ബഹിഷ്‌കരിക്കുന്നതിനെതിരേ തിരക്കഥാകൃത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Jun 19, 12:36 pm
Wednesday, 19th June 2019, 6:06 pm

കോഴിക്കോട്: തൊട്ടപ്പന്‍ കാണാനെത്തുന്നവരെ പല കാരണങ്ങളും പറഞ്ഞ് തിയേറ്ററുകാര്‍ മടക്കിയയക്കുന്നുവെന്ന ആരോപണവുമായി സിനിമയുടെ തിരക്കഥാകൃത്ത് പി.എസ് റഫീഖ്. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെയും നിറത്തിന്റെയും പേരില്‍ അയാളുടെ സിനിമ ബഹിഷ്‌കരിക്കുന്ന പ്രവണത ചെറുത്തുതോല്‍പ്പിക്കേണ്ടതാണെന്നും റഫീഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘കൊടുങ്ങല്ലൂരിലെ ഒരു തിയേറ്ററില്‍ ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോള്‍ പ്രൊജക്ടര്‍ കംപ്ലയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയ്തിരിക്കുന്നു’- റഫീഖ് പറഞ്ഞു. സിനിമ മോശമാണെന്നു വരെ തിയേറ്ററുകാര്‍ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിനായകനെ കേന്ദ്രകഥാപാത്രമാക്കി ഷാനവാസ് കെ. ബാവക്കുട്ടിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയംവദ കൃഷ്ണന്‍, മനോജ് കെ. ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, ബിനോയ് നമ്പാല, മനു ജോസ്, റോഷന്‍ മാത്യു, മഞ്ജു സുനിച്ചന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

പി.എസ് റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘പ്രിയ സുഹൃത്തുക്കളേ, ഇതൊരഭ്യര്‍ത്ഥനയാണ്..
തൊട്ടപ്പന്‍ കളിക്കുന്ന പല തീയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുവെന്ന പരാതി വരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ഒരു തീയേറ്ററില്‍ ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോള്‍ പ്രൊജക്റ്റര്‍ കംപ്ലയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയതിരിക്കുന്നു.

പല സ്ഥലങ്ങളില്‍ നിന്നും ഇങ്ങനെയുള്ള കംപ്ലയിന്റ്‌സ് കേള്‍ക്കുന്നു. നിങ്ങളുടെയെല്ലാം സഹായം ചോദിക്കുകയാണ്. ഒരുപാട് പണവും അധ്വാനവുമുള്ള ഒന്നാണല്ലോ സിനിമ. തൊട്ടപ്പന് ടിക്കറ്റെടുക്കാന്‍ വരുന്നവരോട് സിനിമ മോശമാണെന്നു വരെ തീയേറ്ററുകാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണ്.ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പണവും സ്വാധീനവും കുറവാണ്. നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ശക്തി. സഹായിക്കൂ..’