തലശ്ശേരി: കവിയും സാസ്‌കാരികപ്രവര്‍ത്തകനുമായ കെ.സി ഉമേഷ് ബാബുവിനെതിരെ നടന്ന വധശ്രമങ്ങള്‍ക്കെതിരെ സാഹിത്യലോകത്ത് ശക്തമായ പ്രതിഷേധം. വധശ്രമങ്ങളില്‍ മലയാള സാഹിത്യ രംഗത്തെ പ്രമുഖരാണ് സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെ ശാരിരികോപദ്രവങ്ങളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഇവര്‍ പറഞ്ഞു.
തനിക്കുനേരെ നടത്തിയ അഞ്ചു വധശ്രമങ്ങളെപ്പറ്റിയും ഉമേഷ്ബാബുതന്നെ നടത്തിയ വെളിപ്പെടുത്തല്‍ സാംസ്‌കാരിക കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണെന്നും അഭിപ്രായ വൈവിധ്യങ്ങളെയും ഭിന്നതകളെയും അസഹിഷ്ണുതാ പൂര്‍വ്വം നേരിടുന്നതും ശാരീരികോപദ്രവങ്ങള്‍ വഴി ഇല്ലാതാക്കുകയും ചെയ്യുന്നത് എന്തുകൊണ്ടും ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
“സ്വന്തം തലയുടെ വെട്ടിവെച്ച ചിത്രം” എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് തനിക്കെതിരെയുണ്ടായ വധശ്രമങ്ങളെ കുറിച്ച് ഉമേഷ് ബാബു വെളിപ്പെടുത്തിയത്. പല തവണയായി നിരവധി വധശ്രമങ്ങള്‍ തനിക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും മറ്റു കേസുകളില്‍ അറസ്റ്റിലായ പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസാണ് ഇക്കാര്യം പറഞ്ഞതെന്നുമായിരുന്നു ബാബുവിന്റെ വെളിപ്പെടുത്തല്‍.
“കലാകാരന്മാരോ സാംസ്‌കാരിക പ്രവര്‍ത്തകരോ അരുതായ്മകളെ ചോദ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ച് വടക്കേമലബാറില്‍ രാഷ്ട്രീയ നേതൃത്വം അസഹിഷ്ണുത കാണിക്കാറുണ്ട്. പലരും ഭീഷണികള്‍ക്കും കൈയേറ്റങ്ങള്‍ക്കും വിധേയരായിട്ടുമുണ്ട്. എന്നാല്‍ വധിക്കാനുള്ള ശ്രമം നടന്നു എന്നത് പരിഷ്‌കൃതസമൂഹത്തെ ഒന്നടങ്കം ഭയപ്പെടുത്തുന്നതാണ്.
ഭയം എഴുത്തുകാരെയും കലാകാരന്മാരെയും ചിന്തകന്മാരെയും നിസ്സംഗരാക്കിത്തീര്‍ക്കുന്ന അന്തരീക്ഷം ഒട്ടും ആശാസ്യമല്ല. ഒരു തിരുത്തല്‍ശക്തിയെന്ന നിലയ്ക്ക് കലാകാരന്മാരുടെ പങ്കും ഇടപെടലും ഏത് സംഘടന/സാമൂഹ്യ ഉള്ളടക്കത്തെയും ഗുണകരമാക്കി മാറ്റാനാണ് ഉപകരിച്ചിട്ടുള്ളതെന്ന് ചരിത്രം നമ്മോട് പറയുന്നുണ്ട്. ആശയലോകങ്ങള്‍ അസ്തമിക്കുകയും ഭയത്തിന്റെ ഇരുട്ട് സംജാതമാകുകയും ചെയ്യുന്ന സമകാലീനാന്തരീക്ഷത്തില്‍ ഞങ്ങള്‍ക്കുള്ള ശക്തമായ പ്രതിഷേധവും ദു:ഖവും രേഖപ്പെടുത്തുന്നു.” പ്രസ്താവനയില്‍ പറയുന്നു.
ആനന്ദ് ,കെ. സച്ചിദാനന്ദന്‍, സക്കറിയ, എന്‍. പ്രഭാകരന്‍, സാറാജോസഫ്, കെ.വേണു, സി.ആര്‍ പരമേശ്വരന്‍, കെ. അരവിന്ദാക്ഷന്‍, എന്‍. ശശിധരന്‍, സി.വി ബാലകൃഷ്ണന്‍, കല്‍പ്പറ്റ നാരായണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, എന്‍. സുഗതന്‍, ഡോ. ആസാദ്, സന്തോഷ്‌കുമാര്‍
സി.ആര്‍ നീലകണ്ഠന്‍, വീരാന്‍കുട്ടി, പി.വി ഷാജികുമാര്‍ തുടങ്ങിയ മലയാള സാഹിത്യലോകത്തെ പ്രമുഖര്‍ ചേര്‍ന്നാണ് പ്രതിഷേധ പ്രസ്താവനയിറക്കിയത്.