Kerala News
കണ്ണ് തുറന്ന് സര്‍ക്കാര്‍; ആശ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ വേതനം നല്‍കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 18, 04:15 pm
Tuesday, 18th February 2025, 9:45 pm

തിരുവനന്തപുരം:  എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ ആശ വര്‍ക്കര്‍മാര്‍ സമരം തുടരുന്നതിനിടയില്‍ കുടിശികയുള്ള വേതനം നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. രണ്ട് മാസത്തെ ശമ്പള കുടിശിക വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

നാളെ (ബുധന്‍) മുതല്‍ കുടിശികയുള്ള വേതനം ആശ വര്‍ക്കര്‍മാര്‍ക്ക് ലഭ്യമാക്കും. ഇതിനായി 52.85 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ആശ പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരം ഒമ്പതാം ദിവസത്തിലെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം മൂന്ന് മാസത്തെ ഇന്‍സെന്റീവ് കുടിശിക ഇനിയും ബാക്കിയുണ്ട്.

എന്നാല്‍ സമരം തുടരുമെന്ന് ആശ വര്‍ക്കര്‍മാര്‍ അറിയിച്ചു. വേതന കുടിശിക മാത്രമല്ല ആശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും വെട്ടിക്കുറയ്ക്കല്‍ അവസാനിപ്പിക്കണമെന്നുമാണ് ആശ പ്രവര്‍ത്തകരുടെ മറ്റു ആവശ്യങ്ങള്‍.

വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും പെന്‍ഷന്‍ പ്രഖ്യാപിക്കണം, വേതനം കൃത്യസമയത്ത് നല്‍കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ ഒന്നും തന്നെ സര്‍ക്കാരില്‍ നിന്ന് ആശ പ്രവര്‍ത്തകര്‍ക്ക് ഉറപ്പുകള്‍ ലഭിച്ചിട്ടില്ല.

ആശ വര്‍ക്കര്‍മാരുടെ സമരത്തോട് സംസ്ഥാന സര്‍ക്കാരിന് അനുഭാവ പൂര്‍ണമായ സമീപനമാണ് ഉള്ളതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ആശ വര്‍ക്കര്‍മാരുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചത്.

സാധാരണക്കാരായ ആശ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ കേരള സര്‍ക്കാരിനും എല്‍.ഡി.എഫിനുമുള്ള താത്പര്യം സമരക്കാരെ കുത്തിയിളക്കിവിട്ട ഏജന്‍സികള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

സ്‌കീം വര്‍ക്കര്‍മാരായ ആശ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ശമ്പളമല്ല, സ്പെഷ്യല്‍ ആനുകൂല്യമാണ് നല്‍കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് രണ്ട് മാസമെല്ലാം വൈകാറുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് 1000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

തുടര്‍ന്ന് തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് ആശ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

വ്യാഴാഴ്ച സെക്രട്ടറിയേറ്റിലേക്ക് ആശ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനത്തുടനീളമുള്ള ആശ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് എത്തണമെന്ന് സമരക്കാര്‍ ആഹ്വാനം ചെയ്തിരുന്നു.

Content Highlight: Asha workers were permit 2 months wages