national news
മഹായുതിയില്‍ ഭിന്നത; 'വൈ' കാറ്റഗറി സുരക്ഷയില്‍ ഷിന്‍ഡെക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 18, 04:52 pm
Tuesday, 18th February 2025, 10:22 pm

മുംബൈ: 2024 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുക്കപ്പെട്ട ഏതാനും നേതാക്കളുടെ ‘വൈ’ കാറ്റഗറി സുരക്ഷ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഭിന്നത രൂപപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന പാര്‍ട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ വൈ കാറ്റഗറി സുരക്ഷയാണ് കൂടുതലായും പിന്‍വലിച്ചത്.

2022ല്‍ ഷിന്‍ഡെ വിഭാഗം ബി.ജെ.പിയില്‍ ചേര്‍ന്നതോടെ, അദ്ദേഹത്തോടപ്പം സഖ്യത്തിലെത്തിയ 44 എം.എല്‍.എമാര്‍ക്കും 11 എം.പിമാര്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.

നിലവില്‍ മന്ത്രിസ്ഥാനമില്ലാത്ത ശിവസേന നേതാക്കൾ ഉള്‍പ്പെടെ സുരക്ഷ പിന്‍വലിക്കുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് മഹായുതി സഖ്യത്തില്‍ ഭിന്നത ശക്തമായത്. ബി.ജെ.പിയില്‍ നിന്നും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ നിന്നുമുള്ള നേതാക്കളുടെ സുരക്ഷയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് വിവരം.

എന്നാല്‍ കാറ്റഗറി സുരക്ഷ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് സുരക്ഷാ അവലോകന സമിതിയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. സമിതിയുടെ തീരുമാനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടുത്തിടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ഷിന്‍ഡെയെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ ഷിന്‍ഡെയെ നിയമങ്ങളില്‍ മാറ്റം വരുത്തി വീണ്ടും അതോറിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ദുരന്ത നിവാരണ അതോറിറ്റിയുടെ മേധാവി മുഖ്യമന്ത്രിയായ ഫഡ്‌നാവിസാണ്. ധനവകുപ്പ് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും അതോറിറ്റിയില്‍ അംഗമായിരുന്നു. ഇതാണ് ഷിന്‍ഡെ വിഭാഗത്തില്‍ അതൃപ്തി ഉണ്ടാക്കിയത്.

മന്ത്രിമാരുടെ നിയമനത്തിനും ശിവസേന സഖ്യത്തിനുള്ളില്‍ ഇടഞ്ഞിരുന്നു. എന്‍.സി.പി നേതാവ് അദിതി തത്കറെയെയും ബി.ജെ.പിയുടെ ഗിരീഷ് മഹാജനെയും നാസിക്കിന്റെയും റായ്ഗഡിന്റെയും ചുമതലയുള്ള മന്ത്രിമാരായി നിയമിക്കേണ്ടെന്ന തീരുമാനത്തില്‍ പവാറും ഷിന്‍ഡെയും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചതിലും ഷിന്‍ഡെ ആദ്യഘട്ടത്തില്‍ അതൃപ്തി അറിയിച്ചിരുന്നു.

Content Highlight: Dissension in the mahayuti; Shinde is reportedly unhappy with ‘Y’ category security