തിരുവനന്തപുരം: ലഹരിയുടെ ആഗോളവത്കരണം രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ആഗോളവത്കരണത്തിന്റെ കാലത്ത് എല്ലാ കാര്യങ്ങളും ആഗോളീകരിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ലഹരി എന്നത് കേരളം മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇന്ത്യയിലേക്ക് ലഹരിയെത്തുന്നത് ഗുജറാത്തിലെ മുന്ദ്ര, മുംബൈ എന്നീ തുറമുഖങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് കോടിയുടെ ലഹരിയാണ് ഇങ്ങനെ ഇന്ത്യയില്‍ എത്തുന്നത്. ഇവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്കും. കേരളത്തിലേക്ക് ലഹരി എത്തുന്നത് സംസ്ഥാനത്തിന് പുറത്ത് നിന്നാണ്, കൂടുതലായും ബെംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നും. കേരളത്തിലെ എക്‌സൈസ് വകുപ്പിന് സംസ്ഥാനത്തിനകത്ത് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മറ്റു അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സികളുമായി ചേര്‍ന്ന് ഇക്കാര്യങ്ങള്‍ കണ്ടെത്താനും തടയാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അടുത്തിടെ മഞ്ചേരിയില്‍ നിന്ന് പിടിയിലായ പ്രതിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് പോയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
എല്ലാ നടപടിക്രമങ്ങളും മറികടന്നാണ് അതിന് അനുമതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യത്തിന്റെ ഗൗരവം കണക്കിലെടുക്കുത്താണ് അനുമതി നല്‍കിയത്. ആന്‍ഡമാനിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ജങ്കറില്‍ സൂക്ഷിച്ച 100 കോടി രൂപയുടെ ലഹരി കണ്ടെത്തുകയും അവിടെ വെച്ച് തന്നെ നശിപ്പിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
പുറത്തുനിന്ന് ആദ്യമായി ആന്‍ഡമാനില്‍ ചെല്ലുന്ന ഒരു ഏജന്‍സി കേരളത്തിന്റേതാണ്. അതോടെയാണ് അവര്‍ക്ക് തന്നെ മനസിലായത്, ആന്‍ഡമാന്‍ ലഹരിയുടെ ഒരു ഹബ്ബാണെന്നും മന്ത്രി പറഞ്ഞു.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രയില്‍ ഉള്‍പ്പെടെ പോയി എക്‌സൈസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ലഹരിയുടെ വ്യാപനത്തില്‍ ആഗോള-രാഷ്ട്ര ബന്ധങ്ങള്‍ കാണാതിരുന്നിട്ട് കാര്യമില്ല. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏജന്‍സികള്‍ ഏകോപിതമായി ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി പ്രദേശങ്ങളില്‍ കേരള എക്‌സൈസ് പ്രത്യേക പട്രോളിങ് നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ലഹരി തടയുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കണം, പാര്‍ലമെന്റില്‍ ഉന്നയിക്കണം എന്നെല്ലാം സംസ്ഥാനത്ത് നിന്നുള്ള എം.പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlight: Drugs entering India through Gujarat and Mumbai ports: M.B. Rajesh