Entertainment
ക്ലാസ്‌മേറ്റ്‌സില്‍ എനിക്കായി ആ നടി വേഷം ചോദിച്ചു; കോളേജ് പിള്ളേരുടെ കഥയാണ്, അവന് പ്രായം കൂടുതലാണെന്ന് ലാലുചേട്ടന്‍ പറഞ്ഞു: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 18, 04:43 pm
Tuesday, 18th February 2025, 10:13 pm

2006ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്മേറ്റ്സ്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു ഈ സിനിമ പറഞ്ഞത്. ജെയിംസ് ആല്‍ബര്‍ട്ട് കഥയും തിരക്കഥയും രചിച്ച ക്ലാസ്മേറ്റ്സ് അന്നത്തെ യുവത്വത്തിന്റെ പള്‍സറിഞ്ഞ് പുറത്തിറങ്ങിയ ചിത്രമായിരുന്നു.

പൃഥ്വിരാജ് സുകുമാരന്‍, കാവ്യ മാധവന്‍, രാധിക, നരേന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ സിനിമക്കായി ഒന്നിച്ചിരുന്നു. ക്ലാസ്‌മേറ്റ്‌സ് സിനിമയുടെ സമയത്ത് തനിക്ക് വേണ്ടി നടി സുകുമാരിയമ്മ സംവിധായകന്‍ ലാല്‍ ജോസിനോട് അവസരം ചോദിച്ചെന്ന് അനൂപ് മേനോന്‍ പറയുന്നു.

തന്നെ ഇപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്ന ആളായിരുന്നു സുകുമാരിയമ്മയെന്നും സിനിമയില്‍ നിന്നെല്ലാം മാറി സീരിയല്‍ ചെയുന്ന സമയത്തും സിനിമ ചെയ്യാന്‍ തന്നെ നിര്‍ബന്ധിക്കുമായിരുന്നുവെന്നും അനൂപ് മേനോന്‍ പറഞ്ഞു.

താന്‍ പോലും സിനിമയില്‍ ചാന്‍സ് ചോദിച്ചിട്ടില്ലെന്നും എന്നാല്‍ സുകുമാരിയമ്മ തനിക്ക് വേണ്ടി അവസരം ചോദിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലാസ്മേറ്റ്സില്‍ അവസരം ചോദിച്ചപ്പോള്‍ അത് കോളേജ് പിള്ളേരുടെ കഥയാണെന്നും തനിക്ക് പ്രായം കൂടുതലാണെന്നും ലാല്‍ ജോസ് പറഞ്ഞെന്ന് അനൂപ് മേനോന്‍ പറഞ്ഞു.

‘എന്നെ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്ന ആളായിരുന്നു സുകുമാരിയമ്മ. സിനിമയില്‍ നിന്നെല്ലാം മാറി സീരിയല്‍ ചെയുന്ന സമയത്തും സിനിമ ചെയ്യാന്‍ എന്നെ നിര്‍ബന്ധിക്കുമായിരുന്നു. പലരെയും വിളിച്ച് എനിക്ക് വേണ്ടി സുകുമായിയമ്മ ചാന്‍സ് ചോദിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ജീവിതത്തില്‍ ചാന്‍സ് ചോദിച്ചിട്ടില്ല.

പക്ഷെ എനിക്ക് വേണ്ടി ക്ലാസ്മേറ്റ്സ് സമയത്ത് ലാലു (ലാല്‍ ജോസ്) ചേട്ടനോട് സുകുമാരിയമ്മ വിളിച്ചിട്ടുണ്ട്. അപ്പോള്‍ ലാലു ചേട്ടന്‍ പറഞ്ഞത്, ഇത് കോളേജ് പിള്ളേരുടെ കഥയാണ്. അവന് പ്രായം കൂടുതലാണെന്നാണ്. അവരുടെ വലിയ പ്രായം കാണിക്കുമ്പോള്‍ അവനെ വിളിക്കുമോ എന്നെല്ലാം ചോദിച്ചിരുന്നു,’ അനൂപ് മേനോന്‍ പറയുന്നു.

Content highlight: Anoop Menon talks about Sukumari and Classmates movie