ഇനിയും കുറച്ച് കാലം കൂടി ഏകദിന ക്രിക്കറ്റിന്റെ ഭാഗമായി തുടരാന്‍ സാധ്യതകളുണ്ടെന്ന് വ്യക്തമാക്കി അഫ്ഗാന്‍ ലെജന്‍ഡും സൂപ്പര്‍ ഓള്‍ റൗണ്ടറുമായ മുഹമ്മദ് നബി. നേരത്തെ ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ആ തീരുമാനത്തില്‍ നിന്നും പിന്‍മാറിയേക്കുമെന്നും മകന്‍ ഹസന്‍ ഐസാഖിലിനൊപ്പം അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കാന്‍ ആഗ്രഹമുണ്ടെന്നും നബി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയതോടെ പരിക്കുകള്‍ അലട്ടിയില്ലെങ്കില്‍ നബിയും ടീമിന്റെ ഭാഗമാകുമെന്ന് ഉറപ്പായിരുന്നു. ഈ ടൂര്‍ണമെന്റിന് പിന്നാലെ ഏകദിനത്തില്‍ നിന്നും പടിയിറങ്ങാന്‍ തീരുമാനിച്ച താരമിപ്പോള്‍ ഫോര്‍മാറ്റില്‍ തന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുകയാണ്.
‘ഇതെന്റെ അവസാന ഏകദിന മത്സരങ്ങളായേക്കില്ല. ഞാന്‍ കുറച്ച് ഏകദിനങ്ങള്‍ മാത്രങ്ങള്‍ കളിക്കുകയും യുവതാരങ്ങള്‍ക്ക് കൂടുതല്‍ എക്‌സ്പീരിയന്‍സ് ലഭിക്കാനായി അവസരം നല്‍കുകയും ചെയ്യും.
ഞാന്‍ ഇക്കാര്യം സീനിയര്‍ താരങ്ങളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഹൈ ലെവല്‍ മത്സരങ്ങളില്‍ നിങ്ങള്‍ക്ക് എന്നെ ടീമിനൊപ്പം കാണാനോ കാണാതിരിക്കാനോ സാധ്യതയുണ്ട്, നമുക്ക് നോക്കാം. ഇതെല്ലാം എന്റെ ഫിറ്റ്‌നസിനെ അടിസ്ഥാനമാക്കിയിരിക്കും,’ നബി ഐ.സി.സിയോട് പറഞ്ഞു.
18കാരനായ നബിയുടെ മകന്‍ ഹസന്‍ ഐസാഖില്‍ അഫ്ഗാനിസ്ഥാന്റെ അണ്ടര്‍ 19 ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. വൈകാതെ ദേശീയ ടീമിലേക്കും ഐസാഖിലിന് വിളിയെത്തിയേക്കും.
മകനൊപ്പം അഫ്ഗാന്‍ ജേഴ്‌സിയില്‍ കളിക്കുന്നതിനെ കുറിച്ചും നബി സംസാരിച്ചു.
‘ഇതെന്റെ സ്വപ്‌നമാണ്. ഞങ്ങള്‍ക്ക് അത് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അവന്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. ഏറെ കഠിനാധ്വാനിയാണ്, ഞാനും അവനെ പിന്തുണയ്ക്കുന്നുണ്ട്.
അവന്‍ സ്വന്തം ലക്ഷ്യങ്ങള്‍ നേടിയെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു ഹൈ ലെവല്‍ ക്രിക്കറ്ററായി മാറണമെങ്കില്‍ നിങ്ങള്‍ അതിനനുരിച്ച് പ്രയത്‌നിക്കണം. 50ഓ 60ഓ റണ്‍സ് നേടിയാല്‍ പോരാ, 100+ തന്നെ നേടണം.
നബിയും ഐസാഖിലും
അവന്‍ എല്ലായ്‌പ്പോഴും ഇക്കാര്യങ്ങള്‍ കേട്ടുമനസിലാക്കുകയും അതിനായി പ്രയത്‌നിക്കുന്നുമുണ്ട്. അവനെന്നോട് സംസാരിക്കുമ്പോഴെല്ലാം അവന്റെ കോണ്‍ഫിഡന്‍സ് ഉയര്‍ത്താന്‍ ശ്രമിക്കാറുണ്ട്,’ നബി പറഞ്ഞു.
ടി-20 ഫോര്‍മാറ്റില്‍ ഇതുവരെ 16 മത്സരങ്ങളില്‍ നിന്നുമായി 30.42 ശരാശരിയില്‍ ഐസാഖില്‍ 426 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 76 ആണ്.
ഹസന്‍ ഐസാഖില്‍
അതേസമയം, നബിയാകട്ടെ, 170 ഏകദിനങ്ങളടക്കം 305 അന്താരാഷ്ട്ര മത്സരങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച താരമാണ്.
ഏകദിനത്തില്‍ ബാറ്റേന്തിയ 148 ഇന്നിങ്‌സില്‍ നിന്നും രണ്ട് സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും അടക്കം 3,618 റണ്‍സ് താരം നേടിയിട്ടുണ്ട്.
പന്തെറിഞ്ഞ 161 ഇന്നിങ്‌സില്‍ നിന്നും 32.47 ശരാശരിയില്‍ 172 വിക്കറ്റും നബി തന്റെ പേരില്‍ കുറിച്ചു. നാല് തവണ ഫോര്‍ഫര്‍ സ്വന്തമാക്കിയ താരം കരിയറില്‍ ഒരിക്കല്‍ ഫൈഫറും സ്വന്തമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 45 വിവിധ ടീമുകളെ പരാജയപ്പെടുത്തിയതിന്റെ ലോക റെക്കോഡും നബിയുടെ പേരിലുണ്ട്. ഇംഗ്ലണ്ടും പാകിസ്ഥാനും ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും അടക്കമുള്ള ടീമുകളെയാണ് നബിയുടെ സാന്നിധ്യത്തില്‍ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്.
ഡെന്‍മാര്‍ക്ക്, ബഹ്റൈന്‍, മലേഷ്യ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഇറാന്‍, തായ്‌ലാന്‍ഡ്, ജപ്പാന്‍, ബഹാമസ്, ബോട്‌സ്വാന, ജേഴ്സി, ഫിജി, ടാന്‍സാനിയ, ഇറ്റലി, അര്‍ജന്റീന, പപ്പുവ ന്യൂ ഗിനി, കെയ്മന്‍ ഐലന്‍ഡ്സ്, ഒമാന്‍, ചൈന, സിംഗപ്പൂര്‍, പാകിസ്ഥാന്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, യു.എസ്.എ, ഭൂട്ടാന്‍, മാലിദ്വീപ്, ബാര്‍ബഡോസ്, ഉഗാണ്ട, ബെര്‍മുഡ, അയര്‍ലന്‍ഡ്, സ്‌കോട്‌ലാന്‍ഡ്, നമീബിയ, നെതര്‍ലന്‍ഡ്സ്, കാനഡ, കെനിയ, ഹോങ്കോംഗ്, യു.എ.ഇ, സിംബാബ്‌വേ, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവരാണ് നബിക്ക് മുമ്പില്‍ വീണത്.
അതേസമയം, ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയ അഫ്ഗാനിസ്ഥാന്‍ ടീമിനൊപ്പം ടൂര്‍ണമെന്റിന്റെ മുന്നൊരുക്കത്തിലാണ് നബി. ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീ മുന്‍ ചാമ്പ്യന്‍മാര്‍ക്കൊപ്പം ഗ്രൂപ്പ് ബി-യിലാണ് അഫ്ഗാനിസ്ഥാന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഫെബ്രുവരി 21നാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.
Content Highlight: Muhammad Nabi wanted to play for Afghanistan with his son; May not retire from ODIs yet