Kerala News
സവര്‍ക്കര്‍ മഹാനാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് ആ അഭിപ്രായമില്ല; ഗവര്‍ണറെ തള്ളി എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Sunday, 23rd March 2025, 11:43 am

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ സവര്‍ക്കര്‍ പരാമര്‍ശത്തെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സവര്‍ക്കര്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച വ്യക്തിയാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സവര്‍ക്കര്‍ മഹാനാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തനിക്ക് ആ അഭിപ്രായമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഒരു ഘട്ടത്തില്‍ സവര്‍ക്കര്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ട ശേഷം ആറ് തവണയാണ് മാപ്പ് പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന് സവര്‍ക്കര്‍ കത്തെഴുതിയതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നിങ്ങള്‍ക്കെതിരെ ഒന്നും പറയില്ലെന്ന് അറിയിച്ചതോടെയാണ് ബ്രിട്ടീഷുകാര്‍ സവര്‍ക്കറെ വിട്ടയച്ചതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ (ശനി)യാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറില്‍ പ്രകോപിതനായി ഗവര്‍ണര്‍ ആര്‍ലേക്കര്‍ സവര്‍ക്കറെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയത്.

സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത വ്യക്തിയാണെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. സവര്‍ക്കറെന്നാണ് ശത്രുവായതെന്നും ഗവര്‍ണര്‍ ചോദിച്ചു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. സവര്‍ക്കറെയെല്ല ഗവര്‍ണറെയാണ് വേണ്ടതെന്നായിരുന്നു എസ്.എഫ്.ഐ ബാനര്‍.

‘ഞാന്‍ ഇവിടെയുള്ള ബാനര്‍ വായിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സിലറെയാണ്, സവര്‍ക്കറെയല്ല. സവര്‍ക്കര്‍ ഈ രാജ്യത്തിന്റെ ശത്രുവാണോ, ചാന്‍സിലര്‍ ഇതാ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ക്ക് എന്താണ് വേണ്ടത് അത് ചാന്‍സിലറോട് ചെയ്‌തോളു. പക്ഷെ സവര്‍ക്കര്‍ എന്ത് ചെയ്തു? അദ്ദേഹം അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. അദ്ദേഹം എപ്പോളും മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിച്ചത്. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

സവര്‍ക്കറെക്കുറിച്ച് അറിവില്ലാത്തതിന്റെ പ്രശ്‌നമാണിത്. ഞാന്‍ സവര്‍ക്കറെക്കുറിച്ച് സംസാരിക്കണമെന്ന് കരുതിയതല്ല. പക്ഷേ ഈ ബാനര്‍ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. വൈസ് ചാന്‍സിലര്‍ നിങ്ങള്‍ ഇത്തരം പ്രവണതകള്‍ കൈകാര്യം ചെയ്യണം. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്ക്കരിക്കുന്നത് അംഗീകരിക്കാനാവില്ല,’ ആര്‍ലേക്കറുടെ പരാമര്‍ശം.

Content Highlight: MV Govindan rejects Rajendra Arlekar’s Savarkar remark