Sports News
റൊണാള്‍ഡോ പിന്‍മാറി പുതിയ തലമുറയ്ക്ക് അവസരം നല്‍കണം; തുറന്ന് പറഞ്ഞ് മുന്‍ ചെല്‍സി താരം
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Sunday, 23rd March 2025, 12:25 pm

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം എന്ന ആരാധകരുടെ ചര്‍ച്ചകള്‍ ഇപ്പോഴും അറ്റം കാണാതെ പോകുകയാണ്.

ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോ തിളങ്ങുന്നത്. 928ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് റോണോ.

എന്നാല്‍ മെസി 853 കരിയര്‍ ഗോളുമായി റോണോയുടെ പിന്നിലുണ്ട്. മെസി എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോള്‍ റോണോ സൗദി ക്ലബ്ബായ അല്‍ നസറിലാണ് കളിക്കുന്നത്. ഇപ്പോള്‍ റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ചെല്‍സി താരം ജിമ്മി ഫ്‌ളോയിഡ്.

മികച്ച താരമായി റൊണാള്‍ഡോയെ തെരെഞ്ഞെടുക്കുമെന്നാണ് ജിമ്മി പറഞ്ഞത്. റോണോ കഠിനാധ്വാനം ചെയ്യുമെന്നും എന്നാല്‍ ഫുട്‌ബോളില്‍ നിന്ന് പിന്‍മാറാന്‍ സമയമായെന്നും പുതിയ തലമുറയ്ക്ക് അവസരം നല്‍കണമെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.

എന്നോട് മെസിയാണോ റൊണാള്‍ഡോയാണോ മികച്ചതെന്ന് ചോദിച്ചാല്‍ ഞാന്‍ റൊണാള്‍ഡോയെ തെരഞ്ഞെടുക്കും. എന്നും മികച്ച ലെവലില്‍ എത്താന്‍ റൊണാള്‍ഡോ കഠിനാധ്വാനം ചെയ്യും, ആ മെന്റാലിറ്റിയാണ് അവനുള്ളത്.

നമ്മളെ എല്ലാവരും ഫുട്‌ബോളേഴ്‌സ് ആയിട്ടാണ് അറിയുന്നത്. എനിക്ക് നന്നായി അറിയാം എന്നെ ആവശ്യമായ സമയം എപ്പോഴാണെന്നും ഞാന്‍ ഇറങ്ങി പോകേണ്ട സമയം എപ്പോഴാണെന്നും. റൊണാള്‍ഡോ പിന്മാറി യുവ തലമുറയ്ക്ക് അവസരം നല്‍കണം,’ ജിമ്മി ഫ്‌ളോയിഡ് പറഞ്ഞു.

Content Highlight: Jimmy Floyd Talking About Cristiano Ronaldo