രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകോട്ട് നയിക്കാന്‍ ശ്രമം; ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഫെല്ലോഷിപ്പിനെതിരെ വ്യാപക പ്രതിഷേധം
national news
രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകോട്ട് നയിക്കാന്‍ ശ്രമം; ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഫെല്ലോഷിപ്പിനെതിരെ വ്യാപക പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd February 2023, 3:42 pm

ലക്‌നൗ: ‘ഇന്ത്യന്‍ സമൂഹത്തില്‍ മനുസ്മൃതി എങ്ങനെ നടപ്പാക്കാമെന്ന’ വിഷയത്തില്‍ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ച  ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാല നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സര്‍വകലാശാലയിലെ ധര്‍മശാസ്ത്രാ-മീമാംസ ഡിപ്പാര്‍ട്ട്‌മെന്റാണ് മാസം 25380 രൂപയുടെ ഫെല്ലോഷിപ്പ് അനുവദിച്ച് കൊണ്ട് വിജ്ഞാപനമിറക്കിയത്.

ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായ നോട്ടീസിന്റെ പകര്‍പ്പിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നു.

സ്വതന്ത്ര്യ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന നടപടിയാണിതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ദിലീപ് മണ്ഡല്‍ അഭിപ്രായപ്പെട്ടു.

‘സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ആധുനിക ജനാധിപത്യ രീതി സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. അവിടെ നിന്നും പുറകോട്ടല്ല നമ്മള്‍ സഞ്ചരിക്കേണ്ടത്. മനുസ്മൃതിയുടെ നിയമങ്ങളല്ല പകരം ജന താല്‍പര്യത്തിനനുസരിച്ചാണ് രാജ്യം മുന്നോട്ട് പോവേണ്ടത്,’ ദിലീപ് മണ്ഡല്‍ പറഞ്ഞു.

നോട്ടീസിനതിരെ പരാതികള്‍ വ്യാപകമായതോടെ ബി.എച്ച്.യു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ശങ്കര്‍ കുമാര്‍ മിശ്ര തന്നെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

വിവാദങ്ങള്‍ അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ട അദേഹം മനു സ്മൃതി സമൂഹത്തില്‍ ജാതീയത അടിച്ചേല്‍പ്പിക്കുന്നുണ്ടെന്ന വാദത്തെയും തള്ളി പറഞ്ഞു.

‘ഒരു വാക്കിന് തന്നെ ഒരു പാട് അര്‍ത്ഥങ്ങളുണ്ടാവാം. ഹരി എന്ന വാക്കിന് ഭഗവാന്‍ വിഷ്ണു, കുരങ്ങ്, തവള, ആന എന്നൊക്കെ അര്‍ത്ഥമുണ്ട്. നിങ്ങള്‍ എങ്ങനെ വിഷയത്തെ കാണുന്നു എന്നതിലാണ് കാര്യം. ലോകത്ത് ഒരു മതവും തെറ്റായ മാര്‍ഗത്തിലേക്ക് നടക്കാന്‍ നിങ്ങളെ പ്രേരിപിക്കുന്നില്ല. പകരം പാവങ്ങളെ സഹായിക്കാനും, നല്ലത് ചെയ്യാനുമാണ് എല്ലാ മതങ്ങളും ആവശ്യപ്പെടുന്നത്,’ അദ്ദേഹം പറഞ്ഞു.

Content Highlight: protest against B.H.U s new fellowship on manusmrithi