മുംബൈ: പ്രായപൂർത്തിയാകാത്ത മാനസികവൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതിയെ വെറുതെ വിട്ട് ബോംബൈ ഹൈക്കോടതി. അമരാവതി സ്വദേശിയായ സഞ്ജയ് ഗോവർധൻ വാക്‌ഡെയെയാണ് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വെറുതെ വിട്ടത്.
കോടതിയിൽ ഒരു കേസിൽ ശിക്ഷ വിധിക്കാൻ മതിയായ തെളിവുകൾ ആണ് വേണ്ടതെന്നും ഇരയോടുള്ള സഹതാപത്തിന്മേൽ ശിക്ഷ വിധിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ഗോവിന്ദ സാനാപ് പറഞ്ഞു.
‘കുറ്റകൃത്യം ഗൗരവമുള്ളതാണ് കോടതിക്ക് സ്വാഭാവികമായും കുട്ടിയോട് സഹതാപം തോന്നും. പക്ഷെ നിയമപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം. തീർച്ചയായും കോടതിക്ക് കുട്ടിയോട് സഹതാപമുണ്ട്. എന്നിരുന്നാലും കുറ്റം തെളിയിക്കാൻ രേഖകളിലുള്ള തെളിവുകൾ ആണ് വേണ്ടത്,’ അദ്ദേഹം പറഞ്ഞു.
പ്രോസിക്യൂഷൻ്റെ തെളിവുകളിൽ, പ്രത്യേകിച്ച് പ്രധാന സാക്ഷികളുടെ മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷി മൊഴികളിലെ വൈരുധ്യം സംശയാസ്പദമാണെന്നും കോടതി പറഞ്ഞു. ‘പ്രതികളുടെ കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. സാക്ഷി മൊഴികളിലെ പൊരുത്തക്കേടുകൾ സംശയാസ്പദമാണ് ഇതിനാൽ തെളിവുകളുടെ അഭാവത്തിൽ കോടതി ഇയാളെ വെറുതെ വിടുന്നു,’ അദ്ദേഹം പറഞ്ഞു
ഐ.പി.സി സെക്ഷൻ 376(2)(എൽ), പോക്‌സോ ആക്‌ട് സെക്ഷൻ 6 എന്നീ വകുപ്പുകളായിരുന്നു സഞ്ജയ് ഗോവർധൻ വാക്‌ഡെക്കെതിരെ ചുമത്തിയിരുന്നത്.
കുറ്റാരോപിതനെതിരെയുള്ള തെളിവുകൾ ശക്തമല്ലാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യത്തിൽ ഇയാളെ വെറുതെ വിടുകയാണെന്ന് കോടതി വ്യക്തമാക്കി.
2018 സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാനസിക വൈകല്യവും ശാരീരിക വൈകല്യവുമുള്ള പതിനാലുകാരിയെ ഗോവർധൻ പെൺകുട്ടിയുടെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് ഇയാൾ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയോടൊപ്പം കളിക്കുകയായിരുന്ന ഇയാൾ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു.
പെൺകുട്ടി വിവരം മാതാവിനെ അറിയിക്കുകയും വീട്ടുകാർ അർമോറി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ വൈദ്യപരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിലോ സ്വകാര്യ ഭാഗങ്ങളിലോ മുറിവുകൾ കണ്ടെത്തിയിരുന്നില്ല. എങ്കിലും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ഗോവർധൻ ശിക്ഷിക്കപ്പെടുകയായിരുന്നു.
സഞ്ജയ് ഗോവർധൻ വാക്‌ഡെയെ ഐ.പി.സി സെക്ഷൻ 376(2)(എൽ), പോക്‌സോ ആക്‌ട് സെക്ഷൻ 6 എന്നിവ പ്രകാരമുള്ള എല്ലാ കുറ്റങ്ങളിൽ നിന്നും കോടതി വെറുതെവിട്ടു. ഒപ്പം അദ്ദേഹത്തെ ഉടൻ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
Content Highlight: Proof, not sympathy, to guide convictions: Bombay high court