മമ്മൂക്ക എന്നെ വഴക്ക് പറയുന്നുവെന്ന് സൗബിന്‍ പറഞ്ഞു, ഞാന്‍ കാര്യം പറഞ്ഞപ്പോഴാണ് മമ്മൂക്കക്ക് മനസിലായത്: ബാബു ഷാഹിര്‍
Entertainment news
മമ്മൂക്ക എന്നെ വഴക്ക് പറയുന്നുവെന്ന് സൗബിന്‍ പറഞ്ഞു, ഞാന്‍ കാര്യം പറഞ്ഞപ്പോഴാണ് മമ്മൂക്കക്ക് മനസിലായത്: ബാബു ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th December 2022, 1:17 pm

വര്‍ഷങ്ങളോളം മലയാളം സിനിമയില്‍ പ്രൊഡക്ഷന്‍ കണ്ട്രോളറായി പ്രവര്‍ത്തിച്ചയാളാണ് സൗബിന്‍ ഷാഹിറിന്റെ പിതാവ് കൂടിയായ ബാബു ഷാഹിര്‍. സൗബിന്‍ അസിസ്റ്റന്റ് ഡയറക്ടറായ കഥപറയുകയാണ് അദ്ദേഹം. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ക്രോണിക് ബാച്ച്‌ലര്‍ സിനിമയുടെ ഷൂട്ട് തുടങ്ങാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ ഡയറക്ടര്‍ സിദ്ദിഖ് എന്നെ വിളിച്ച് പറഞ്ഞു. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഒരുപാട് പേരുണ്ട്, കുറച്ച് പേരെ ഒന്ന് ഒഴിവാക്കണമെന്ന്. എനിക്ക് പരിചയമുള്ള പിള്ളേരാണ് അതുകൊണ്ട് ഞാനായിട്ട് പറയുന്നില്ല ബാബു തന്നെ പറയണമെന്നും പറഞ്ഞു.

അപ്പോള്‍ തന്നെ ഞാന്‍ സിനിമയിലെ അസോസിയേറ്റ് ഡയറക്ടറിനെ വിളിച്ച് കാര്യം പറഞ്ഞു. നീ അവരോട് ഒന്ന് സംസാരിച്ച് മൂന്ന് പേരെ ഒഴിവാക്കണം. അടുത്ത പടത്തില്‍ വിളിക്കാമെന്ന് സിദ്ദിഖ് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു. അങ്ങനെ മൂന്ന് പേരെ സിനിമയില്‍ നിന്നും ഒഴിവാക്കി.

 

അന്ന് ഞാന്‍ വീട്ടില്‍ തിരികെ വന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സൗബിന്‍ എന്റെ അടുത്ത് വന്നു. എന്നിട്ട് അവന്‍ ചോദിച്ചു ബാപ്പാ അസിസ്റ്റന്റ് ഡയറക്ടറായി ഞാന്‍ വന്നോട്ടേ എന്ന്. ശരിക്കും ഞാന്‍ ഞെട്ടിപ്പോയി, കാരണം മൂന്ന് പേരേ ഒഴിവാക്കാന്‍ പറഞ്ഞ സിനിമയിലോട്ടാണ് ഇവന്‍ അവസരം ചോദിക്കുന്നത്.

ഇവനെ എങ്ങനെ അതില്‍ ഉള്‍പ്പെടുത്തും, അത് വളരെ പ്രയാസമുള്ള കാര്യമാണ്. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. ഇവനോട് ഇതെങ്ങനെ പറയും, ഇവന്റെ മനസും വേദനിക്കരുത്, സിദ്ദിഖിനും വിഷമമുണ്ടാക്കരുത്. അതിനെക്കുറിച്ച് രാത്രിയില്‍ ഒരുപാട് ഞാന്‍ ആലോചിച്ചു.

പിറ്റേ ദിവസം രാവിലെ ഞാന്‍ സിദ്ദിഖിനെ കണ്ട് കാര്യം പറഞ്ഞു. ഇതുപോലെ സൗബിന് അസിസ്റ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന്. കുഴപ്പമില്ല ബാബു വരാന്‍ പറയാന്‍ അപ്പോള്‍ തന്നെ സിദ്ദിഖ് മറുപടി പറഞ്ഞു. ആ മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോയി. അങ്ങനെയാണ് സൗബിന്‍ എന്നുപറയുന്ന ഒരാള്‍ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് വരുന്നത്.

എനിക്ക് അത് വലിയ സന്തോഷമായി. സിദ്ദിഖ് എന്നോട് എതിര്‍ത്തൊന്നും പറയില്ലായെന്ന് ഉറപ്പായിരുന്നു. അങ്ങനത്തെ മനസുള്ള ഒരാളാണ് സിദ്ദിഖ്. ഷൂട്ടിങ് ഒക്കെ തുടങ്ങി അവന്‍ സെറ്റിലൂടെ ഓടി ചാടി നടക്കാന്‍ തുടങ്ങി. ഒരു ദിവസം എന്റെ അടുത്ത് വന്ന് പറഞ്ഞു മമ്മൂക്ക എന്നെ വിളിച്ച് നിര്‍ത്തി വഴക്ക് പറയുകയാണെന്ന്.

സിദ്ദിഖ് സാര്‍ പറഞ്ഞിട്ട് സ്‌ക്രിപ്റ്റ് കൊടുക്കാന്‍ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ചെന്നു. നീ ഏതാടാ…. നീ എന്തിനാ ഇവിടെ നില്‍ക്കുന്നത്, പഠിക്കാനല്ലേ ഇപ്പോള്‍ പോകേണ്ടത് എന്നൊക്കെ മമ്മൂട്ടി ചോദിച്ചെന്ന് അവന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു മമ്മൂക്കക്ക് നിന്നെ അറിയാത്തത് കൊണ്ടാണ് ഞാന്‍ വന്ന് സംസാരിക്കാമെന്ന്. അങ്ങനെ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ചെന്ന് അവനെ പരിചയപ്പെടുത്തി കൊടുത്തു. ഇതൊക്കെ നേരത്തെ പറയണ്ടേ എന്നും പറഞ്ഞ് മമ്മൂക്ക അവനെ ചേര്‍ത്തു പിടിച്ചു,’ ബാബു ഷാഹിര്‍ പറഞ്ഞു.

content highlight:production controller babu shahir talks about saubin shahir