കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാള സിനിമാ നിര്‍മാണരംഗത്ത് തന്റേതായ സ്ഥാനം നേടിയ വ്യക്തിയാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മൂന്ന് സിനിമകളാണ് ഇതിനോടകം സുപ്രിയ നിര്‍മിച്ചിട്ടുളളത്.
ഇപ്പോള്‍, താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മതിപ്പ് തോന്നിയ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സുപ്രിയ. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് അത്തരത്തില്‍ തനിക്ക് മതിപ്പു തോന്നിയ ചിത്രമൈന്ന് സുപ്രിയ പറയുന്നു. റേഡിയോ മാംഗോ സ്പോട്ട് ലൈറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഒത്തിരി ഇഷ്ടപ്പെട്ട സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. പൃഥ്വിയും താനും സംവിധായകന്‍ ജിയോയെ നേരില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നതായും സുപ്രിയ പറഞ്ഞു.
‘നിമിഷ സജയന്‍ എത്ര മനോഹരമായാണ് ആ വേഷം കൈകാര്യം ചെയ്തതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അനായാസമായി ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ട നിമിഷ, ഇന്ത്യന്‍ സിനിമയ്ക്കു തന്നെ ഒരു മുതല്‍ക്കൂട്ടാണ്,’ സുപ്രിയ അഭിപ്രായപ്പെട്ടു.
തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകളോടാണോ ഒ. ടി.ടി. പ്ലാറ്റ്ഫോമില്‍ വരുന്ന സിനിമകളോടാണോ താല്‍പര്യം എന്ന ചോദ്യത്തിന് താന്‍ ഒന്നര വര്‍ഷമായി തിയേറ്ററില്‍ പോയിട്ടെന്നും അതുകൊണ്ട് ഒ.ടി.ടിയെ ഇഷ്ടപ്പെട്ട് ശീലിച്ചെന്നുമായിരുന്നു സുപ്രിയയുടെ മറുപടി.
ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.
ഒരു സ്ത്രീയുടെ വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളെ വളരെ റിയലിസ്റ്റിക്കായി കൈകാര്യം ചെയ്ത ചിത്രമായിരുന്നു അത്.
സമൂഹത്തിലെ ആണധികാരത്തെയും സ്ത്രീ വിരുദ്ധതയേയും ചോദ്യം ചെയ്്തുകൊണ്ട് യാഥാര്‍ത്ഥ്യത്തിന്റെ ഇരുപക്ഷത്തു നിന്നും പ്രേക്ഷകനെ ചിന്തിപ്പിച്ച സിനിമയായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.
അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട ചിത്രത്തിനെതിരെ ചില മോശം കമന്റുകളും വന്നിരുന്നു. എന്നാല്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട് ഒരു ഡിവോഴ്സ് എങ്കിലും ഉണ്ടായാല്‍ തന്നെ സംബന്ധിച്ച് അത് സന്തോഷം നല്‍കുന്ന കാര്യമാണെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.