Film News
യഥാര്‍ത്ഥ പ്രണയമല്ല, യുക്തിയില്ലാത്ത പ്രണയം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 12, 06:39 am
Sunday, 12th March 2023, 12:09 pm

കൗമാരപ്രായത്തില്‍ മുതിര്‍ന്ന സ്ത്രീയോട് തോന്നുന്ന പ്രണയം കേന്ദ്രീകരിച്ച് നിരവധി സിനിമകള്‍ മുമ്പും മലയാളത്തില്‍ വന്നിട്ടുണ്ട്. ഈ വിഷയം ആസ്പദമാക്കി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രമാണ് ക്രിസ്റ്റി. ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ക്രിസ്റ്റി എന്ന ട്യൂഷന്‍ ചേച്ചിയോട് റോയ് എന്ന വിദ്യാര്‍ത്ഥിക്ക് തോന്നുന്ന പ്രണയത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചെറുപ്പം മുതലേ കാണുന്ന ക്രിസ്റ്റി ചേച്ചിയുടെ വീട്ടില്‍ ട്യൂഷന് പോകുന്നതോടെയാണ് റോയിക്ക് അവരോട് പ്രണയമാകുന്നത്. ക്രിസ്റ്റിയാകട്ടെ ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച്, ആ ബന്ധം വേര്‍പിരിഞ്ഞ്, നിരാശപൂര്‍ണമായ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ആ ജീവിതത്തിനിടയിലേക്ക് കടന്നുവരുന്ന റോയി അവള്‍ക്ക് ഒരു ആശ്വാസമാകുന്നു. ആ അടുപ്പം റോയിയില്‍ പ്രണയമാണ് ഉണ്ടാക്കുന്നത്.

സിനിമയില്‍ തന്നെ പല ഭാഗങ്ങളിലായി റോയിയുടെ പ്രണയമാണ് യഥാര്‍ത്ഥ പ്രണയമെന്ന് പറഞ്ഞുവെക്കുന്നത്. എന്നാല്‍ ഒരാളെ എങ്ങനെ പ്രണയിക്കരുത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ക്രിസ്റ്റി. മുന്‍പ് സ്റ്റോക്കിങ്ങിനെ റൊമാന്റിസൈസ് ചെയ്ത മലയാളം സിനിമകളുടെ പാത തന്നെ പിന്തുടര്‍ന്ന് അതിനെ ഉദാത്ത പ്രണയമെന്ന നിലയില്‍ അവതരിപ്പിക്കുകയാണ് ക്രിസ്റ്റി.

സ്റ്റോക്കിങ്ങിനെക്കാളും ഒരുപടി കൂടി കടന്ന് ശാരീരിക അതിക്രമത്തിലേക്ക് പോലും കടന്ന് അതും പ്രണയാതുരമായ പശ്ചാത്തല സംഗീതത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ക്രിസ്റ്റി.(അതിക്രമത്തെ റൊമാന്റിസൈസ് ചെയ്യുന്ന ക്രിസ്റ്റി).

അനുവാദമില്ലാതെ കടന്നുപിടിക്കുന്നത് സ്ത്രീകളെ എങ്ങനെ ബാധിക്കുമെന്ന് പരിചയത്തിലുള്ള സ്ത്രീകളോടെങ്കിലും അണിയറപ്രവര്‍ത്തകര്‍ക്ക് ചോദിക്കാമായിരുന്നു. അതിന് പകരം കൗമാര ആണ്‍ ഫാന്റസികളെ തൃപ്തിപ്പെടുത്താനാണ് ക്രിസ്റ്റി ശ്രമിക്കുന്നത്. യുക്തിയില്ലാത്ത പ്രണയമാണ് റോയിയുടേതെന്ന് ഒറ്റവാക്കില്‍ പറയാം. പ്രണയത്തിന് വേണ്ടി സംസ്ഥാനം വിടാനുള്ള സാഹസികതക്ക് ഒരുങ്ങുമ്പോള്‍ അതിന്റെ പരിണതഫലങ്ങളെ കുറിച്ച് ഒരു കൗമാര പ്രായക്കാരന്‍ ചിന്തിക്കില്ലെന്ന് കരുതാം. എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും അതിന് നിരവധി തടസങ്ങളുണ്ടെന്ന് മനസിലാക്കിയിട്ടും വീണ്ടും മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിക്കുമ്പോള്‍ ഈ സിനിമയിലിനി യുക്തിക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് മനസിലാക്കാം.

ഇത്രയൊക്കെ മണ്ടത്തരങ്ങള്‍ ചെയ്ത നായകന്റെ അടുത്ത് വന്ന ഒരു പരിചയവുമില്ലാത്ത മാലിദ്വീപ്കാരി നിന്റെ പ്രണയമാണ് യഥാര്‍ത്ഥ പ്രണയമെന്ന് പറയുകയും കൂടി ചെയ്തപ്പോള്‍ പൂര്‍ത്തിയായി.

Content Highlight: problems of relationship view in christy movie