മുക്താര്‍ അന്‍സാരിയെ വിഷം നൽകി കൊലപ്പെടുത്തിയെന്ന ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
India
മുക്താര്‍ അന്‍സാരിയെ വിഷം നൽകി കൊലപ്പെടുത്തിയെന്ന ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th March 2024, 4:56 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മുന്‍ എം.എല്‍.എ മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ബന്ദയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. അഞ്ച് തവണ ഉത്തര്‍പ്രദേശ് എം.എല്‍.എ ആയിരുന്ന മുക്താര്‍ അന്‍സാരി വ്യാഴാഴ്ചയാണ് ജയിലില്‍ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ജയില്‍ അധികൃതര്‍ പ്രതികരിച്ചത്. എന്നാല്‍ ഭക്ഷണത്തില്‍ വിഷം നല്‍കിയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് മുക്താര്‍ അന്‍സാരിയുടെ മകന്‍ ഉമര്‍ അന്‍സാരി രംഗത്തെത്തി.

കനത്ത ചര്‍ദ്ദിയെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് അദ്ദേഹത്തെ ജില്ലാ ജയിലില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചത്. മകന്റെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരനും ഗാസിപൂര്‍ എം.പിയുമായ അഫ്‌സല്‍ അന്‍സാരിയും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസ് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പുറപ്പെടുവിച്ചു. തനിക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി എന്ന് ആരോപിച്ച് മുക്താര്‍ അന്‍സാരി കഴിഞ്ഞാഴ്ച ബരാബങ്കി കോടതിയെ സമീപിച്ചിരുന്നു.

ഭക്ഷണം കഴിച്ചതിന് പിന്നാലെ ശീരരമാസകലം വേദനിക്കാന്‍ തുടങ്ങിയെന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ മുക്താര്‍ അന്‍സാരി കോടതിയെ അറിയിച്ചു. എന്നാല്‍ വിഷം നല്‍കിയെന്ന ആരോപണം ജയില്‍ അധികൃതര്‍ നിഷേധിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ് നടപടി.മുക്താര്‍ അന്‍സാരിക്കെതിരെ 60തിലധികം കേസുകളാണ് ഉള്ളത്. 2005 മുതല്‍ യു.പിയിലും പഞ്ചാബിലുമായി ജയില്‍ വാസം തുടരുകയായിരുന്നു അദ്ദേഹം.

Content Highlight: Probe ordered after ‘Mukhtar Ansari was poisoned in jail’ charge