ന്യൂദല്‍ഹി: ഹൂതി വിമതസേനയും അറബ് സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള ട്വീറ്റിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തക റാണ അയ്യുബിനെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധം.
ഹൂതികളെ അനുകൂലിച്ചും സൗദിയെ വിമര്‍ശിച്ചുമുള്ള റാണയുടെ ട്വീറ്റിന്റെ പേരിലായിരുന്നു വിമര്‍ശനം.
രക്തദാഹികള്‍ എന്ന് വിളിച്ചാണ് റാണ സൗദിയെ വിമര്‍ശിച്ചിരുന്നത്.
‘യെമനില്‍ ചോര ചിതറുകയാണ്. രക്തദാഹികളായ സൗദികളെ തടുക്കാന്‍ ആരുമില്ല. ഇവരാണ് ഇസ്‌ലാമിന്റെ കാത്തുസൂക്ഷിപ്പുകാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്.
ഒരു മുസ്‌ലിം എന്ന നിലയില്‍ ഈ കാട്ടാളന്മാരാണ് വിശുദ്ധ പള്ളിയുടെ കാത്ത് സൂക്ഷിപ്പുകാരാണെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. ലോകത്തിന് ഈ വംശഹത്യയില്‍ നിശബ്ദരായിരിക്കാന്‍ പറ്റില്ല,’ എന്നായിരുന്നു വിഷയത്തില്‍ റാണയുടെ ട്വീറ്റ്.
യെമനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഈ ട്വീറ്റിന്റെ പേരില്‍ തീവ്രവാദികളെ സംരക്ഷിക്കുന്നവരെന്ന് ആരോപിക്കുന്നു എന്നാണ് റാണ അയ്യൂബ് മറ്റൊരു ട്വീറ്റില്‍ പറയുന്നത്. തനിക്ക് വൃത്തികെട്ട വലതുപക്ഷ പീഡനങ്ങളും അധിക്ഷേപങ്ങളുമാണ് ഏല്‍ക്കേണ്ടിവരുന്നതെന്നും അവര്‍ പറഞ്ഞു.