യു.പിയില്‍ യോഗിയുടെ എതിരാളി പ്രിയങ്കാ ഗാന്ധിയോ; ക്യാപ്റ്റന്‍ പ്രിയങ്ക ആയിരിക്കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്
national news
യു.പിയില്‍ യോഗിയുടെ എതിരാളി പ്രിയങ്കാ ഗാന്ധിയോ; ക്യാപ്റ്റന്‍ പ്രിയങ്ക ആയിരിക്കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd June 2021, 7:39 pm

ന്യൂദല്‍ഹി: യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കുന്നത് പ്രിയങ്കാ ഗാന്ധി ആയിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. പ്രിയങ്ക ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പാര്‍ട്ടിയെ നയിക്കുമെന്നാണ് ഖുര്‍ഷിദ് പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുടെ പ്രധാന വെല്ലുവിളിയായി കോണ്‍ഗ്രസ് ഉയര്‍ന്നുവരുമെന്നും പാര്‍ട്ടി എല്ലാ ശക്തിയോടും കൂടി തെരഞ്ഞെടുപ്പില്‍ പോരാടുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രിയങ്ക ഗാന്ധി ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി മുഖമെന്ന നിലയില്‍ പാര്‍ട്ടിയുടെ ഏറ്റവും മികച്ച തീരുമാനം പ്രിയങ്ക ഗാന്ധിയാകുമോ എന്ന ചോദ്യത്തിന് പ്രിയങ്ക അത്തരത്തിലുള്ളൊരു സൂചന നല്‍കാത്ത കാലത്തോളം തനിക്ക് അതിന് ഉത്തരം നല്‍കാന്‍ സാധിക്കില്ലെന്ന്
സന്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

അതേസമയം, വരാനിരിക്കുന്ന യു.പി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നിലം പൊത്തുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും യു.പി. മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും അവകാശപ്പെട്ടിട്ടുണ്ട്. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖിലേഷിന്റെ പ്രതികരണം.

യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് എതിര്‍പ്പുകളുയരുകയാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

 

യു.പി. ബി.ജെ.പിയില്‍ അസ്വാരസ്യം ഉയര്‍ന്നുവരികയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താന്‍ ബി.ജെ.പി. ശ്രമം നടത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ജയത്തിനായി സംസ്ഥാന നേതൃത്വത്തിലും സര്‍ക്കാരിലും പുന:സംഘടന നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടെ കഴിഞ്ഞദിവസം ആദിത്യനാഥ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എ.കെ.ശര്‍മയെ മര്‍മ പ്രധാനമായ സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ബി.ജെ.പിയുടെ പുതിയ നീക്കങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Priyanka Gandhi Vadra “Captain” In UP, “Is Leading Us”: Salman Khurshid