മോദി ഒരു കൊച്ചു കുട്ടിയെപ്പോലെ സ്റ്റേജില്‍ കരയാന്‍ തുടങ്ങി; ഇന്ദിരയുടെ ധൈര്യമെങ്കിലും പഠിക്കണം: പ്രിയങ്ക ഗാന്ധി
national news
മോദി ഒരു കൊച്ചു കുട്ടിയെപ്പോലെ സ്റ്റേജില്‍ കരയാന്‍ തുടങ്ങി; ഇന്ദിരയുടെ ധൈര്യമെങ്കിലും പഠിക്കണം: പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2024, 9:07 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദി ഒരു കൊച്ചു കുട്ടിയെ പോലെ സ്റ്റേജില്‍ നിന്ന് കരയാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

 

 

‘മോദിജി നിങ്ങള്‍ക്ക് അധികാരമുണ്ട്. നിങ്ങളുടെ അണികള്‍ നിങ്ങളെ വിശ്വഗുരു എന്ന് വിളിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പ് കാലത്ത് വേദിയില്‍ വന്നാല്‍ നിങ്ങള്‍ കൊച്ചു കുട്ടിയെപ്പോലെ കരയാന്‍ തുടങ്ങും. താന്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് നിങ്ങള്‍ വേദികളില്‍ പറയുന്നു. മോദിജി, ഇതാണ് പൊതുജീവിതം,’ പ്രിയങ്ക ചൂണ്ടിക്കാട്ടി.

പാകിസ്ഥാനെ രണ്ടായി വിഭജിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ മോദി പഠിക്കേണ്ടതുണ്ട്. ഇന്ദിരയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ദിവസവും മഹാരക്തസാക്ഷിയായ ഇന്ദിരാ ഗാന്ധിയെ ദേശവിരുദ്ധയെന്ന് വിളിക്കുന്ന നിങ്ങള്‍ക്ക് അതിന് കഴിയില്ല. അവരില്‍ നിന്ന് എന്താണ് മോദിക്ക് പഠിക്കാന്‍ കഴിയുക എന്നും പ്രിയങ്ക ചോദിച്ചു.

സഹോദരനായ രാഹുല്‍ ഗാന്ധി മോദിക്ക് വലിയ വെല്ലുവിളിയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏത് തരത്തിലുള്ള നേതാവിനെയാണ് നിങ്ങള്‍ക്ക് വേണ്ടത്? ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ 4000 കിലോമീറ്ററോളം നടക്കുന്ന ഒരു വ്യക്തിയെ ആണോ, അതോ വസ്ത്രത്തില്‍ ഒരു കറ പോലും പതിയാന്‍ ഇഷ്ടപ്പെടാത്ത നേതാവിനെ ആണോയെന്നും പ്രിയങ്ക ചോദ്യമുയര്‍ത്തി.

പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ക്ക് ഭാരമില്ലെന്ന് മാത്രമല്ല, കഴിഞ്ഞ 10 വര്‍ഷത്തെ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളോട് പറയാന്‍ അദ്ദേഹത്തിന് ധൈര്യമില്ലെന്നും പ്രിയങ്ക പറഞ്ഞു.

അതേസമയം നന്ദുര്‍ബാറിലെ ജനങ്ങളെ താന്‍ എപ്പോഴും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. നന്ദുര്‍ബാറില്‍ മെയ് 13ന് വോട്ടെടുപ്പ് നടക്കും.

Content Highlight: Priyanka Gandhi said that Narendra Modi has started crying like a little child from the stage