India
'നിങ്ങളുടെ ഉദ്ദേശം വ്യക്തമാണെങ്കില്‍ അജയ് മിശ്രയുമായി ഇനി വേദി പങ്കിടരുത്, അദ്ദേഹത്തെ പുറത്താക്കൂ'; മോദിക്ക് പ്രിയങ്കയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 20, 07:49 am
Saturday, 20th November 2021, 1:19 pm

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി അജയ് മിശ്രയുമായി വേദി പങ്കിടരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കത്ത്. ‘നിങ്ങളുടെ ഉദ്ദേശം വ്യക്തമാണെങ്കില്‍ അജയ് മിശ്രയുമായി വേദി പങ്കിടരുത്. അദ്ദേഹത്തെ പുറത്താക്കൂ’. പ്രിയങ്ക കത്തില്‍ ആവശ്യപ്പെട്ടു.

ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് തിക്കുനിയ ജില്ലയില്‍ സമാധാനപരമായ പ്രതിഷേധത്തിനെത്തി തിരികെ മടങ്ങുന്നതിനിടയിലാണ് കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ എസ്.യു.വി ഇടിച്ചു കയറ്റിയത്.

8 പേര്‍ മരണപ്പെട്ട സംഭവത്തില്‍ 13 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ ആശിഷ് അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ഒരു കര്‍ഷകന്‍ മരിച്ചത് ആശിഷ് മിശ്രയുടെ തോക്കില്‍ നിന്നും വെടിയേറ്റാണ് എന്ന് കര്‍ഷകര്‍ വാദിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെടിയേറ്റതിന്റെ പരിക്കുകള്‍ മരിച്ചവരുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിരുന്നില്ല.

തിങ്കളാഴ്ച ജില്ലാ കോടതിയില്‍ ആശിഷ് മിശ്ര ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്നത് ചൂണ്ടിക്കാണിച്ചു കൊണ്ട് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും മോദി പറഞ്ഞു. കര്‍ഷകരെ നിയമങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചില്ല എന്ന് പറഞ്ഞ മോദി കര്‍ഷകരോട് ക്ഷമ ചോദിച്ച് കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:priyanka-gandhi-narendra-modi-ajay-mishra-lakhimpur-kheri