'ആദ്യം പുറത്ത് നിന്ന് ഉള്ളി വാങ്ങുന്നു, പിന്നീട് അതേ ഉള്ളി കുറഞ്ഞ വിലയില്‍ പുറത്തു വില്‍ക്കാന്‍ ശ്രമിക്കുന്നു'; സാമ്പത്തിക മേഖല കുത്തനെ വീഴുന്നത് വെറുതെയല്ലെന്ന് പ്രിയങ്ക
national news
'ആദ്യം പുറത്ത് നിന്ന് ഉള്ളി വാങ്ങുന്നു, പിന്നീട് അതേ ഉള്ളി കുറഞ്ഞ വിലയില്‍ പുറത്തു വില്‍ക്കാന്‍ ശ്രമിക്കുന്നു'; സാമ്പത്തിക മേഖല കുത്തനെ വീഴുന്നത് വെറുതെയല്ലെന്ന് പ്രിയങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th January 2020, 10:40 pm

ന്യൂദല്‍ഹി: പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉള്ളി വിലയില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

” ആദ്യം പുറത്തു നിന്ന് ഒരു ടണ്‍ ഉള്ളിക്ക് 43000 രൂപ നല്‍കി ഓര്‍ഡര്‍ ചെയ്തു. ഇപ്പോള്‍ അതേ ഉള്ളി ബംഗ്ലാദേശിന് 39000 രൂപക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നു. സാമ്പത്തിക മേഖല താഴോട്ട് പോകുന്നതിന്റെ കാരണം നിങ്ങള്‍ തീര്‍ച്ചയായും മനസ്സിലാക്കണം”, പ്രിയങ്ക ട്വീറ്റ് ചെയ്തു.

അതേസമയം, 18000 ടണ്‍ ഉള്ളി ലഭ്യമാക്കിയതായും ഒരു കിലോയ്ക്ക് 22 രൂപക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും
കഴിഞ്ഞ ദിവസം ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” 18000 ടണ്‍ ഉള്ളി കേന്ദ്രം ഇറക്കുമതി ചെയ്തിട്ടുണ്ട്. എല്ലാത്തരത്തിലുള്ള മുന്‍കയ്യെടുത്തിട്ടും 2000 ടണ്‍മാത്രമാണ് വിറ്റുപോയത്.
ഒരുകിലോ ഉള്ളി 22 രൂപയ്ക്കാണ് ഞങ്ങള്‍ ലഭ്യമാക്കുന്നത്. ഉള്ളി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ കരുതലും  എടുക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പാക്കുന്നുണ്ട്. വില നിരീക്ഷിക്കുന്നുണ്ട്. സമയം വരുമ്പോള്‍ നടപടിയെടുക്കും”, അദ്ദേഹം പറഞ്ഞു.

ലാഭേച്ഛ കൂടാതെയാണ് ഞങ്ങള്‍ ഉള്ളി സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത്. ഉള്ളി എത്തിക്കാനുള്ള ചെലവ് വഹിക്കുന്നത് കേന്ദ്രമാണ്. നിലവില്‍ ആന്ധ്രാപ്രദേശ് , കേരളം, ഉത്തര്‍പ്രദേശ് , പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്ളി വാങ്ങിയിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.

ഉള്ളിവില ഉയര്‍ന്നതിനെക്കുറിച്ചു നടത്തിയ പ്രതികരണം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന പരാതിയില്‍ രാം വിലാസ് പസ്വാനെതിരെ കഴിഞ്ഞ ഡിസംബറില്‍ കേസെടുത്തിരുന്നു. ബിഹാറിലെ മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ