ന്യൂദല്‍ഹി: കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഖാസിപ്പൂരില്‍ കര്‍ഷകരെ ഒഴിപ്പിക്കാന്‍ പൊലീസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.
‘ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ വടികളും ആയുധങ്ങളുമുപയോഗിച്ച് കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ശ്രമങ്ങളുണ്ടായിരുന്നു. ഇന്ന് ഖാസിപൂരിലേയും സിംഗു അതിര്‍ത്തിയിലേയും കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നു. ഇന്ത്യ കാത്തുസൂക്ഷിക്കുന്ന ജനാധിപത്യത്തിന്റെ തികഞ്ഞ ലംഘനമാണിത്. ഈ സമരത്തില്‍ കര്‍ഷകരോടൊപ്പമായിരിക്കും കോണ്‍ഗ്രസ് അണിചേരുക. രാജ്യത്തിന്റെ പൊതുസ്വത്താണ് കര്‍ഷകര്‍. അവര്‍ക്കെതിരെ നില്‍ക്കുന്നവര്‍ വഞ്ചകരാണ്’, പ്രിയങ്ക ട്വിറ്ററിലെഴുതി.
कल आधी रात में लाठी से किसान आंदोलन को ख़त्म करने की कोशिश की। आज गाजीपुर, सिंघू बॉर्डर पर किसानों को धमकाया जा रहा है। यह लोकतंत्र के हर नियम के विपरीत है। कांग्रेस किसानों के साथ इस संघर्ष में खड़ी रहेगी। किसान देश का हित हैं। जो उन्हें तोड़ना चाहते हैं- वे देशद्रोही हैं।..1/2
സമാനമായ അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. താന്‍ കര്‍ഷകരോടൊപ്പമാണെന്നും ജനാധിപത്യമാണ് അവര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയമെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
യു.പിയിലെ ഖാസിപ്പൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഭീഷണിപ്പെടുത്തി യു.പി പൊലീസ് രംഗത്തെത്തിയിരുന്നു. ഖാസിപൂരില്‍ നിന്ന് പ്രതിഷേധം അവസാനിപ്പിച്ച് സ്ഥലംവിടാന്‍ യു.പി പൊലീസ് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു.
എന്നാല്‍ സമരവേദിയില്‍ സംഘര്‍ഷമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികേത് രംഗത്തെത്തിയിരുന്നു.
സമാധാനപരമായി സമരം നടത്താന്‍ കോടതി ഉത്തരവുണ്ടെന്നും ബലപ്രയോഗത്തിലൂടെ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍വെടിയാനും തങ്ങള്‍ തയ്യാറാണെന്നും തികേത് പറഞ്ഞു.
‘യാതൊരു രീതിയിലുള്ള സംഘര്‍ഷമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനപരമായി അറസ്റ്റ് വരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇവിടെ സംഘര്‍ഷമുണ്ടാക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കില്‍ വെടിയുണ്ടയെ നേരിടാനും ഞങ്ങള്‍ തയ്യാറാണ്. ആദ്യം ഇവിടെയെത്തിയ ബി.ജെ.പി എം.എല്‍.എമാരെ ഒഴിപ്പിക്കൂ. ഏതെങ്കിലും രീതിയില്‍ സംഘര്‍ഷം നടന്നാല്‍ അതിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പൊലീസ് തയ്യാറാകണം. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ മുന്നില്‍ വെച്ച് ഞാന്‍ തൂങ്ങിമരിക്കും’, തികേത് പറഞ്ഞു.
സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും നിയമം പിന്‍വലിക്കാന്‍ സുപ്രീം കോടതി തന്നെ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും തികായത്ത് ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ഖാസിപൂരിലെ കര്‍ഷകരോട് സംസാരിക്കവെയായിരുന്നു തികേത്തിന്റെ പ്രതികരണം.
അതേസമയം റിപബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ പൊലീസ് ഇതുവരെ 25 എഫ്.ഐ.ആറുകള്‍ എടുക്കുകയും 37 കര്‍ഷക നേതാക്കളെ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ചെങ്കോട്ടയിലെ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെയും ഗുണ്ടാസംഘം നേതാവ് ലക്കാ സാധന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഫ്.ഐആറില്‍ സിദ്ദുവിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതിയാക്കിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രാക്ടര്‍ റാലിക്കിടെ ഒരു കൂട്ടം ആളുകള്‍ ചെങ്കോട്ടയിലെത്തി സിഖ് മത പതാക ഉയര്‍ത്തുകയായിരുന്നു. കര്‍ഷകരാണ് പതാക ഉയര്‍ത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസും കേന്ദ്രവും ശ്രമം നടത്തുകയും ചെയ്തു.
ചെങ്കോട്ടയ്ക്കുള്ളില്‍ കയറിയ പ്രതിഷേധക്കാര്‍ സിഖ് മത പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കര്‍ഷകര്‍ ആരും അത്തരത്തിലുള്ള പ്രവൃത്തി നടത്തിയിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയതാണ്.
പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് ചെങ്കോട്ടയിലേക്ക് കടന്നതെന്നും പതാക ഉയര്‍ത്തിയതെന്നും പറഞ്ഞ കര്‍ഷകര്‍ ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും പറഞ്ഞു.
റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ദല്‍ഹിയിലും ചെങ്കോട്ടയിലും ഐ.ടി.ഒ.യിലും ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.
കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ദല്‍ഹി പൊലീസ് കേസെടുത്തത്. ബല്‍ബിര്‍ സിങ്ങ് രാജ്വല്‍, ദര്‍ശന്‍ പാല്‍, രാജേന്ദ്രര്‍ സിങ്ങ്, ഭൂട്ടാ സിങ്, ജോഗീന്ദ്രര്‍ സിങ്ങ് എന്നീ നേതാക്കളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക