മരണത്തിലും അവളുടെ അവകാശങ്ങള്‍ ഇല്ലാതാക്കി; മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഇനി നിങ്ങള്‍ക്കെന്തവകാശം? യോഗിയോട് പ്രിയങ്ക
national news
മരണത്തിലും അവളുടെ അവകാശങ്ങള്‍ ഇല്ലാതാക്കി; മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഇനി നിങ്ങള്‍ക്കെന്തവകാശം? യോഗിയോട് പ്രിയങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th September 2020, 11:23 am

ലഖ്‌നൗ: ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രയങ്കാ ഗാന്ധി.

ഇരയെയും അവളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനുപകരം, മരണത്തില്‍പ്പോലും ആ പെണ്‍കുട്ടിയുടെ ഓരോ മനുഷ്യാവകാശവും നഷ്ടപ്പെടുത്തുന്നതിന് യോഗി ആദിത്യ നാഥിന്റെ സര്‍ക്കാര്‍ പങ്കാളികളായെന്ന് പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രിയായി തുടരാന്‍ യോഗിക്ക് ധാര്‍മ്മിക അവകാശമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് മാത്രമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നോട് പറഞ്ഞതെന്നും എന്നാല്‍ മൃതദേഹം തട്ടിയെടുത്ത് കൊണ്ടുപോയി സംസ്‌ക്കരിച്ചതിലൂടെ തന്റെ മകള്‍ക്ക് വേണ്ടി ചെയ്യേണ്ട അന്ത്യകര്‍മ്മം പോലും ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ഇല്ലാതായെന്നും അവര്‍ പറഞ്ഞു.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും യോഗിക്കെതിരെ രംഗത്തെത്തിയിരുന്നു.മോദിയുടേയും യോഗിയുടേയും പുതിയ ഇന്ത്യയില്‍ ഇതാണ് പുതിയ നിയമമെന്നാണ് യു.പി പൊലീസിന്റെ നടപടി ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര വിമര്‍ശിച്ചത്.

” ഹാത്രാസ് ബലാത്സംഗക്കേസിലെ ഇരയുടെ മൃതദേഹം അവരുടെ കുടുംബത്തെ അറിയിക്കാതെ സംസ്‌ക്കരിച്ചു. മോദിയുടെ പുതിയ ഇന്ത്യ, യോഗിയുടെ പുതിയ നിയമം, ഇന്ത്യയുടെ പുതിയ നിയമം,” മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സെപ്റ്റംബര്‍ 14 നാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയാകുന്നത്. മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല്പേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്ന് 19 കാരിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്.

ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു.

”മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തു. എന്റെ പിതാവ് ഹാത്രാസിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ (ശ്മശാനത്തിലേക്ക്) പൊലീസ് കൊണ്ടുപോയി, ‘ എന്ന് യുവതിയുടെ സഹോദരന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞിരുന്നു.

സംഭവത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Priyanka Gandhi against up Chief Minister Yogi Adithya Nath On UP Rape