കഥ കേട്ട് നിർമാതാക്കൾ ആക്ഷൻ പടം ചെയ്യാൻ പറഞ്ഞു, ഒടുവിൽ ഞാൻ തന്നെ ആ ചിത്രം നിർമിച്ചു: പൃഥ്വിരാജ്
Entertainment
കഥ കേട്ട് നിർമാതാക്കൾ ആക്ഷൻ പടം ചെയ്യാൻ പറഞ്ഞു, ഒടുവിൽ ഞാൻ തന്നെ ആ ചിത്രം നിർമിച്ചു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd March 2024, 4:55 pm

ജെനൂസ് മുഹമ്മദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായിരുന്നു നയൻ. മലയാളത്തിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത വ്യത്യസ്തമായ ഹൊറർ സിനിമയായിരുന്നു നയൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണത്തിനെത്തിച്ച സിനിമ ഏറ്റെടുക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

ചിത്രത്തിന് വേണ്ടി ഒരുപാട് നിർമാതാക്കളോട് സംസാരിച്ചിരുന്നുവെന്നും തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥയായിരുന്നു നയൻ എന്ന ചിത്രത്തിന്റെതെന്നും പൃഥ്വി പറഞ്ഞു. ഒടുവിൽ സിനിമ നിർമിക്കാൻ താൻ സ്വയം തീരുമാനിച്ചെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് പൃഥ്വിരാജ് പറഞ്ഞു.

‘റിസ്ക് എടുക്കാൻ പറ്റുന്നത് കൊണ്ടാണ് എടുക്കുന്നത്. നയൻ എന്ന ചിത്രത്തിന് വേണ്ടി ഒരുപാട് നിർമാതാക്കളോട് സംസാരിച്ചിരുന്നു. ജെനൂസിനെ ഞാൻ തന്നെ ഒരുപാട് നിർമാതാക്കളുടെ അടുത്തേക്ക് അയച്ചിരുന്നു. എനിക്ക് നന്നായി ഇഷ്ടപ്പെട്ട ഒരു കഥയുണ്ട് ഒന്ന് കേൾക്കുമോയെന്ന് ചോദിച്ചിട്ട്.

അവരൊക്കെ തിരിച്ച് എന്നോട് ചോദിച്ചത് നമുക്കൊരു ആക്ഷൻ സിനിമ ചെയ്തൂടെ എന്നായിരുന്നു. അങ്ങനെയൊക്കെയാണ് ചോദ്യം വന്നത്. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് തോന്നി എനിക്കിഷ്ടപ്പെട്ട ഒരു കഥയിൽ ഞാൻ താത്പര്യം കാണിച്ചില്ലെങ്കിൽ പിന്നെ അതിൽ എന്തർത്ഥമാണുള്ളത്.

വേറെ ഒരാളോട് നിങ്ങൾ ഇത് ചെയ്യൂവെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ലല്ലോ. അങ്ങനെ തോന്നിയത് കൊണ്ടാണ് ഞാൻ നയൻ നിർമിക്കാൻ തീരുമാനിച്ചത്. അതിനുശേഷമാണ് ശരിക്കും സോണിയുമായിട്ടുള്ള കൂടിക്കാഴ്ച്ച സംഭവിക്കുന്നതും അവർ അതിലേക്ക് ഭാഗമാവുന്നതും,’പൃഥ്വിരാജ് പറയുന്നു.

ഡോ. ബിജുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വീട്ടിലേക്കുള്ള വഴിയെന്ന ചിത്രത്തെ കുറിച്ചും പൃഥ്വി സംസാരിച്ചു. ചിത്രത്തിന്റെ കഥ ഒരു യൂണിവേഴ്സൽ കഥയായിട്ടാണ് തനിക്ക് തോന്നിയതെന്ന് പൃഥ്വി പറയുന്നു.

‘വീട്ടിലേക്കുള്ള വഴി വലിയ സാധ്യതയുള്ള ഒരു സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. വല്ലാത്ത ഒരു യൂണിവേഴ്സൽ കഥയായിട്ടാണ് എനിക്കതിനെ തോന്നിയത്. അദ്ദേഹത്തിന്റെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടില്ല. എന്നാൽ ഡോ. ബിജുവിന്റെ ഏറ്റവും നല്ല സ്ക്രിപ്റ്റിൽ ഒന്നായിട്ടാണ് വീട്ടിലേക്കുള്ള വഴിയെ ഇപ്പോഴും ഞാൻ അഭിപ്രായപ്പെടുന്നത്. അന്ന് ആ സിനിമ ചെയ്യുമ്പോൾ നമുക്ക് ഒരുപാട് ശബളം ചോദിക്കാനും പറ്റില്ല. കാരണം അത് അങ്ങനെയൊരു സിനിമയാണല്ലോ.

അന്നെനിക്ക് തരാനുള്ള ചെറിയൊരു പൈസക്ക് പകരം ഞാൻ ചോദിച്ചത്, എനിക്കതിന്റെ ഒരു ഹിന്ദി റൈറ്റ്സ് തരാനായിരുന്നു. സത്യത്തിൽ ആദ്യമായി ഞാനൊരു സ്ക്രിപ്റ്റ് എഴുതാൻ ശ്രമിച്ചത് വീട്ടിലേക്കുള്ള വഴിയുടെ മറ്റൊരു വേർഷൻ ആയിരുന്നു. ഞാൻ അത് എഴുതിവെക്കുകയും ചെയ്തിരുന്നു.

പിന്നീട് റിലീസായ ഒരു സിനിമയ്ക്ക് ഞാൻ എഴുതിവെച്ചതുമായി വല്ലാത്ത സാമ്യത ഉണ്ടായിപോയി. ബജ്രംഗി ഭായിജാൻ എന്നൊരു പടം വന്നിരിന്നു. അങ്ങനെ ആ സിനിമ വേണ്ടെന്ന് വെച്ചതായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Talk About Nine Movie