പ്രായം കൂടുന്തോറും പുച്ഛം കൂടുന്ന നടനാണ് അയാള്‍: പൃഥ്വിരാജ് സുകുമാരന്‍
Entertainment
പ്രായം കൂടുന്തോറും പുച്ഛം കൂടുന്ന നടനാണ് അയാള്‍: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th August 2024, 9:35 am

നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഈ വര്‍ഷം റിലീസായ പൃഥ്വിയുടെ രണ്ട് സിനിമകളും ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡും പൃഥ്വി സ്വന്തമാക്കി.

ഗുരുവായൂരമ്പല നടയിലില്‍ ബൈജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡോക്ടര്‍ പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെ സ്വതസിദ്ധമായ ശൈലിയില്‍ ബൈജു ചെയ്ത് ഫലിപ്പിച്ചു. ബൈജുവിനെപ്പറ്റി പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പ്രായം കൂടുന്തോറും പുച്ഛം കൂടിവരുന്ന നടനാണ് ബൈജുവെന്ന് പൃഥ്വിരാജ് പറഞ്ഞു.

അതുപോലെ പ്രായം കൂടുന്തോറും ഷര്‍ട്ടിലെ ഡിസൈന്‍ കൂടിവരുന്ന നടനാണ് ജഗദീഷെന്നും രണ്ട് പേരെയും തനിക്ക് ചെറുപ്പം മുതല്‍ക്കേ അറിയാമെന്നും പൃഥ്വിരാജ് കൂട്ടിചേചര്‍ത്തു. ഇന്നും ഇരുവരും ഓരോ സിനിമയിലും അതാത് സംവിധായകര്‍ക്കനുസരിച്ചാണ് പെര്‍ഫോം ചെയ്യുന്നതെന്നും ആ കാര്യമാണ് തനിക്ക് പഠിക്കേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു. ഗുരുവായൂരമ്പല നടയിലിന്റെ വിജയാഘോഷവേളയിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയില്‍ എടുത്തു പറയേണ്ട രണ്ടുപേരുണ്ട്. പ്രായം കൂടുന്തോറും ഷര്‍ട്ടിലെ ഡിസൈന്‍ കൂടി വരുന്ന ജഗദീഷേട്ടനും പ്രായം കൂടുന്തോറും പുച്ഛം കൂടിവരുന്ന ബൈജു ചേട്ടനും. എനിക്ക് പേഴ്‌സണലി രണ്ട് പേരോടും നല്ല ബന്ധമാണുള്ളത്. എന്നെ ചെറിയ പ്രായം മുതല്‍ക്കേ കാണുന്ന ആളുകളാണ് അവര്‍. ഇന്നും അവരോടൊപ്പം സജീവമായി അഭിനയിക്കാന്‍ പറ്റുന്നത് വലിയ കാര്യമാണ്.

എനിക്ക് അതൊരു വലിയ പാഠമാണ്. കാരണം, ജഗദീഷേട്ടന്‍ ഇനി പുതിയ പിള്ളേരുടെ കൂടെ സിനിമ ചെയ്യുമ്പോള്‍ അവരുടെ വൈബിലുള്ള നടനായി മാറുന്നുണ്ട്. അതുപോലെ ബൈജു ചേട്ടന്‍ ഇപ്പോള്‍ വിപിന്‍ ദാസിന്റെ സിനമയിലാണ് അഭിനയിക്കുന്നതെങ്കില്‍ ആ ഗ്രാമറിലുള്ള ആക്ടറാണ്. എനിക്കും അതുപോലെയാകണമെന്നാണ് എന്റെ പ്രാര്‍ത്ഥന,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Sukumaran about Baiju Santhosh and Jagadeesh