Entertainment news
പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; കാപ്പ ചിത്രീകരണം ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 15, 05:51 am
Friday, 15th July 2022, 11:21 am

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. കടുവക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ഷാജി കൈലാസ് തന്നെയാണ് ചിത്രീകരണം തുടങ്ങുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

‘കടുവക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും സ്വീകരണത്തിന് ശേഷം, വീണ്ടും പൃഥ്വിരാജ് സുകുമാരനൊപ്പം. കാപ്പ ഇന്നാരംഭിക്കുന്നു. പ്രാര്‍ഥനയും പിന്തുണയും എന്നുമുണ്ടാകുമെന്ന പ്രതീക്ഷയോടെ.’; ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം നടീനടന്മാര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ നിര്‍മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്രനിര്‍മാണ സംരംഭമാണ് കാപ്പ.

അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി, ഡോള്‍വിന്‍ കുര്യാക്കോസ് ജിനു.വി എബ്രഹാം,ദിലീഷ് നായര്‍ എന്നിവര്‍ പങ്കാളികളായ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിര്‍മാണ കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്‌സ് യൂണിയന്‍ ഈ സംരംഭത്തിന് തുടക്കമിടുന്നത്.

വേണു സംവിധാനം ചെയ്യാനിരുന്ന ചിത്രം പിന്നീട് ഷാജി കൈലാസിലേക്ക് എത്തുകയായിരുന്നു.
ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. കൊട്ട മധു എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.

ക്യാമറ സാനു ജോണ്‍ വര്‍ഗ്ഗീസ് എഡിറ്റര്‍ മഹേഷ് നാരായണന്‍, സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസ്, ആര്‍ട് ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് ഹരിതിരുമല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജൂ വൈക്കം, അനില്‍ മാത്യു. അതേസമയം കടുവ തിയേറ്ററുകളില്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. സകല കളക്ഷന്‍ റെക്കോഡുകളും തിരുത്തിയാണ് ചിത്രം മുന്നേറുന്നത്.

Content Highlight : Prithviraj Shaji Kailas next mocie Kappa shooting started