വിക്രം സംവിധാനം ചെയ്താല്‍ എന്റെ റോളക്‌സ് മലയാളത്തിന്റെ യുവതാരം: പൃഥ്വിരാജ്
Film News
വിക്രം സംവിധാനം ചെയ്താല്‍ എന്റെ റോളക്‌സ് മലയാളത്തിന്റെ യുവതാരം: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th June 2022, 3:37 pm

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായ വിക്രം ഇന്ത്യ മുഴുവനും തരംഗമായ ചിത്രമായിരുന്നു. ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേയ്ന്‍ എന്നിങ്ങനെ വലിയ താരനിര എത്തിയ ചിത്രത്തിലെ സൂര്യയുടെ റോളക്‌സ് എന്ന അതിഥി വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിക്രം മലയാളത്തിലാണ് ചെയ്യുന്നതെങ്കില്‍ അതില്‍ ആരാകും റോളക്‌സ് എന്ന് ലോകേഷിനോട് ഒരു അഭിമുഖത്തില്‍ വെച്ച് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് ആയിരിക്കുമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇപ്പോള്‍ താന്‍ വിക്രം സംവിധാനം ചെയ്യുകയാണെങ്കില്‍ ആരെയാകും റോളക്‌സ് എന്ന കഥാപാത്രത്തിലേക്ക് തെരഞ്ഞെടുക്കുക എന്ന് പറയുകയാണ് പൃഥ്വിരാജ്.

‘വിക്രത്തിന്റെ റിലീസിന് ശേഷം ലോകേഷ് സാറിനെ കണ്ടിട്ടില്ല. ഹൈദരബാദില്‍ വെച്ച് ബ്രോ ഡാഡി ഷൂട്ട് ചെയ്യുമ്പോള്‍ ഒരു റസ്‌റ്റോറന്റില്‍ വെച്ച് കണ്ടിരുന്നു. ഞാന്‍ തന്നെ വിക്രം സംവിധാനം ചെയ്യുകയാണെങ്കില്‍ ആ കാസ്റ്റില്‍ ഞാന്‍ ഉണ്ടാവില്ല. അങ്ങനെയാണെങ്കില്‍ എന്റെ റോളക്‌സ് ദുല്‍ഖര്‍ ആയിരിക്കും,’ ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

‘മലയാളത്തിലെ നല്ല സിനിമകളെ പറ്റി മാത്രമാണ് പുറത്തേക്ക് കേള്‍ക്കുന്നത്. മോശം സിനിമകളെ പറ്റി കേള്‍ക്കുന്നേയില്ല. അതുപോലെ നല്ല തമിഴ് സിനിമകളെ പറ്റിയാണ് ഞങ്ങളും കേള്‍ക്കുന്നത്. തമിഴിലും മോശം സിനിമകള്‍ സംഭവിക്കുന്നുണ്ട്. തെലുങ്ക് സിനിമയിലും അങ്ങനെ തന്നെ. അതുകൊണ്ട് മലയാളത്തിലെ എല്ലാ സിനിമകളും സൂപ്പറാണെന്ന് വിചാരിക്കരുത്. ഒരു മലയാളി എന്ന നിലയ്ക്ക് ഇത് പറയാനുള്ള അവകാശം എനിക്കുണ്ട്.

എന്നാല്‍ പല ഭാഷകളിലും വര്‍ക്ക് ചെയ്തിട്ടുള്ള ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സിനിമ മേക്ക് ചെയ്യുന്നതില്‍ ഏറ്റവും എഫിഷ്യന്റായ പ്രോസസ് നടക്കുന്നത് മലയാളം സിനിമയിലാണ് എന്ന് ഞാന്‍ പറയും. അത് ബജറ്റിന്റെ അഭാവം കൊണ്ടും കൂടിയാണെന്ന് പറയാം. തമിഴിനും തെലുങ്കിനും ഉള്ളതുപോലെയുള്ള ബജറ്റ് ഞങ്ങള്‍ക്കില്ല. രണ്ട് വര്‍ഷത്തിന് മേല്‍ ഷൂട്ട് ചെയ്യാനോ അത് റിലീസ് ചെയ്യാനോ ഞങ്ങള്‍ക്കാവില്ല. ഒരു ഡെഡ്‌ലൈന്‍ കാണും. അതുകൊണ്ട് വളരെ വേഗം ഞങ്ങള്‍ സിനിമ ചെയ്തുതീര്‍ക്കും.

വലിയ ആക്ഷന്‍ സീക്വന്‍സ് കാണണമെങ്കില്‍ തമിഴ്, തെലുങ്ക് സിനിമകള്‍ കാണണമെന്ന് ഞാന്‍ ഒരുപാട് പ്രാവിശ്യം കേട്ടിട്ടുണ്ട്. മലയാളത്തിലും ചെയ്യാന്‍ പറ്റുമല്ലോ എന്ന് ഞാന്‍ ചിന്തിക്കും. ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ പറ്റില്ല, അതിനുള്ള സ്‌കില്‍ ഞങ്ങള്‍ക്ക് ഇല്ല, അതിനുള്ള പൈസ ഇല്ല എന്നൊന്നും പറയാനാവില്ല. ഇപ്പോള്‍ മലയാളം സിനിമകളുടെ റവന്യൂ ജനറേഷനും മുമ്പോട്ട് പോയിട്ടുണ്ട്.

കടുവ പോലെയുള്ള സിനിമകള്‍ എനിക്ക് മിസ് ചെയ്യാന്‍ തുടങ്ങിയിരുന്നു. കടുവയുടെ സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ ഇതുപോലൊരു സിനിമ ചെയ്തിട്ട് കുറെ കാലമായല്ലോ എന്നാണ് ചിന്തിച്ചത്,’ പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Prithviraj says that if he is directing Vikram, who will he choose for the role of Rolex