എഴുതിവെച്ചിരിക്കുന്ന കോമഡി വല്ലതുമുണ്ടെങ്കില്‍ വാട്ട്‌സാപ്പില്‍ അയക്ക്, ഞാന്‍ പോയി പറയാം, ലിസ്റ്റിന്റെ റിപ്ലെ ഇതായിരുന്നു: പൃഥ്വിരാജ്
Film News
എഴുതിവെച്ചിരിക്കുന്ന കോമഡി വല്ലതുമുണ്ടെങ്കില്‍ വാട്ട്‌സാപ്പില്‍ അയക്ക്, ഞാന്‍ പോയി പറയാം, ലിസ്റ്റിന്റെ റിപ്ലെ ഇതായിരുന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th August 2022, 1:56 pm

2022 ല്‍ മലയാളത്തിലിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നാണ് പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജന ഗണ മന. ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചയിലേക്ക് കൊണ്ടുവന്ന ചിത്രം കേരളത്തിന് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ടു.

സിനിമയുടെ പ്രൊമോഷന്‍ അഭിമുഖങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. ഈ അഭിമുഖങ്ങളില്‍ താരമായത് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള ലിസ്റ്റിന്റെ തമാശകളും തഗ്ഗ് ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജന ഗണ മനയുടെ സക്‌സസ് പ്രോഗ്രാമില്‍ താന്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് ലിസ്റ്റിനെയാണെന്ന് പറയുകയാണ് പൃഥ്വിരാജ്.

‘ജന ഗണ മനയുടെ സന്തോഷം ഇന്ന് ഇവിടെ പങ്കുവെക്കുമ്പോള്‍ ഒരു ചെറിയ സങ്കടം ഉള്ളത് എന്റെ പാര്‍ട്ണറും സുഹൃത്തുമായ, ഞാന്‍ നിരന്തരം ചീത്ത വിളിക്കുകയും കളിയാക്കുകയും ചെയ്യുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇവിടെ ഇല്ല എന്നുള്ളതാണ്. അദ്ദേഹത്തിന്റെ കോമഡിയുടെ ടൈമിങ് അസ്ഥാനത്തായത് പോലെ കൊവിഡിന്റെ ടൈമിങ്ങും അസ്ഥാനത്തായി പോയി.

എഴുതിവെച്ചിരിക്കുന്ന കോമഡി വല്ലതുമുണ്ടെങ്കില്‍ വാട്ട്‌സാപ്പില്‍ അയച്ചാല്‍ ഞാന്‍ പോയി പറയാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം അത് തന്നില്ല, കടുവയുടെ വിജയാഘോഷത്തില്‍ അതെല്ലാം ഒരുമിച്ച് പറഞ്ഞോളാമെന്നാണ് എന്നോട് പറഞ്ഞത്. ഇന്ന് ഇവിടെ പറയാന്‍ ബാക്കിവെച്ച ഒരുപാട് കോമഡികള്‍ ഒറ്റക്കിരുന്ന് വായിച്ച് രസിച്ച് അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടില്‍ ഐസൊലേഷനിലിരിക്കുകയാണ്. ലിസ്റ്റിന്‍ ഇവിടെ ഇല്ല എന്നതിലൊരു ദു:ഖമുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

‘ഈ സിനിമയുടെ വിജയവും ക്രെഡിറ്റും എന്നെക്കാള്‍ പോകേണ്ടത് ലിസ്റ്റിനും സുപ്രിയയ്ക്കുമാണ്. ഞാന്‍ ഇതില്‍ അഭിനയിക്കുന്നു, ഇതിലെ രസകരമായ ജോലികള്‍ ചെയ്യുന്നുവെന്നേയുള്ളൂ. രണ്ട് വര്‍ഷം ഈ സിനിമ ഹോള്‍ഡ് ചെയ്തപ്പോള്‍ ലിസ്റ്റിനാണ് എനിക്ക് ഏറ്റവും കൂടുതല്‍ ധൈര്യം തന്നത്.

കൊവിഡിന്റെ സമയത്ത് നിരവധി സിനിമകള്‍ ഡയറക്ട് ഒ.ടി.ടി റിലീസിന് കൊടുത്തിരുന്നു. കുരുതി എന്ന സിനിമ റിലീസ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനോടും മാജിക് ഫ്രെയിംസിനോടും അഭ്യര്‍ത്ഥിച്ചത് ജന ഗണ മന എന്ന സിനിമ ഡയറക്ട് ഒ.ടി.ടി റിലീസിന് താല്‍പര്യമുണ്ടോ എന്നാണ്. ഈ സിനിമയുടെ ആദ്യഘട്ട ഡിസ്‌കഷന്‍ മുതല്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമായിരുന്നു ഈ സിനിമ തിയേറ്ററില്‍ മാത്രം റിലീസ് ചെയ്യേണ്ട സിനിമയാണെന്ന്.

അന്ന് ഇത് പറയുമ്പോള്‍ ഇത് എത്ര കാലം കഴിയുമ്പോഴാണ് തിയേറ്ററില്‍ റിലീസ് ചെയ്യുക എന്നറിയില്ല. രണ്ട് വര്‍ഷം നീണ്ടു. അതിനിടക്ക് അന്വേഷണങ്ങള്‍ വരുമ്പോള്‍ ലിസ്റ്റിന്‍ എന്നോട് പറയും രാജു എത്ര കാത്തിരുന്നാലും കുഴപ്പമില്ല, നമ്മള്‍ ഇത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന്,’ പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Prithviraj says that he misses listin stephen the most in the successful program of Jana Gana Mana