മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. നടനായും സംവിധായകനായും പ്രേക്ഷകരുടെ മനസില്‍ വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാന്‍ താരത്തിനായിട്ടുണ്ട്.
മാതാപിതാക്കളുടെ പാരമ്പര്യം പിന്തുടര്‍ന്ന് സിനിമാ മേഖലയിലേക്ക് വന്ന നടനാണ് പൃഥ്വിരാജ്. നടനായി മലയാള സിനിമയില്‍ തുടക്കം കുറിച്ച പൃഥ്വിരാജ് പിന്നീട് ഗായകനായും സംവിധായകനായും നിര്‍മാതാവായും സിനിമാ മേഖലയില്‍ തിളങ്ങുകയാണ്.
അഭിനയം കൊണ്ട് മാത്രമല്ല തന്റെ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് പൃഥ്വിരാജ്. അത്തരത്തില്‍ തന്റെ നിലപാടുകള്‍ തുറന്നടിച്ച് പറഞ്ഞതിന്റെ പേരില്‍ താരം ഒരുപാട് വേട്ടയാടപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ആ ദുരനുഭവങ്ങളെ കുറിച്ച് പൃഥ്വിരാജ് തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്.
സിനിമയില്‍ വന്ന കാലത്ത് താന്‍ നേരിട്ട ദുരവസ്ഥകളെ കുറിച്ച് പറയുന്ന താരത്തിന്റെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോള്‍ പല നടിമാരും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്നും മൂന്ന് സിനിമകളില്‍ നിന്ന് തുടര്‍ച്ചയായി തന്നെ ഒഴിവാക്കിയെന്നും പൃഥ്വിരാജ് പറഞ്ഞു.
‘സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. ഞാന്‍ മാത്രമാണ് അന്ന് കരാറില്‍ ഒപ്പിട്ട് അഭിനയിച്ചത്. അത് മറ്റ് അഭിനേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല,’ പൃഥ്വിരാജ് പറയുന്നു.
അതിന്റെ പേരില്‍ തനിക്ക് പിന്നീട് സിനിമകളില്‍ അവസരം ലഭിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘മൂന്ന് സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി. ഒരു സംവിധായകന്‍ മാത്രമാണ് എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം പറഞ്ഞത്,’ പൃഥ്വിരാജ് പറയുന്നു.
ബ്രോ ഡാഡിയാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
മോഹന്‍ലാലിന് പുറമേ പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.