മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ഭ്രമം. ഹിന്ദി ചിത്രമായ അന്ധാദുനിന്റെ റീമേക്കാണ് ഭ്രമം. എന്നാല്‍ ഭ്രമത്തിന് മുന്‍പേ മറ്റൊരു ചിത്രത്തിന്റെ റീമേക്കിന് വേണ്ടി താന്‍ ശ്രമിച്ചിരുന്നു എന്ന കാര്യം തുറന്നു പറയുകയാണ് പൃഥ്വിരാജ്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
ശ്രീറാം രാഘവന്റെ തന്നെ ചിത്രമായ ‘ജോണി ഗദ്ദാറി’ന്റെ റീമേക്കിന് വേണ്ടി താന്‍ അദ്ദേഹത്തിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ അത് നടന്നില്ല എന്നുമാണ് പൃഥ്വിരാജ് പറയുന്നത്. 2007ല്‍ പുറത്തിറങ്ങിയ ജോണി ഗദ്ദാറില്‍ നീല്‍ നിതിന്‍ മുകേഷ്, ധര്‍മേന്ദ്ര, വിനയ് പഥക്, റിമി സെന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അന്ധാദുനിന്റെ ഏറ്റവും മികച്ച അനുകല്‍പനമാവും ഭ്രമമെന്നാണ് പൃഥ്വിരാജ് പറയുന്നത്. അന്ധാദുനിന്റെ പ്രേക്ഷകര്‍ എങ്ങനെയായിരിക്കും ഭ്രമത്തിനോട് പ്രതികരിക്കുന്നത് എന്നറിയാന്‍ താല്‍പര്യമുണ്ടെന്നും അന്ധാദുന്‍ കാണാത്ത പ്രേക്ഷകര്‍ക്ക് ഭ്രമം ആസ്വദിക്കാന്‍ സാധിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
‘2019ല്‍ ലൂസിഫര്‍ ഷൂട്ടിംഗിന്റെ സമയത്ത് വിവേക് ഒബ്റോയ് ആണ് അന്ധാദുനെ കുറിച്ച് പറഞ്ഞത്. സിനിമ റീമേക്ക് ചെയ്യണമെന്നും ഒബ്‌റോയ് പറഞ്ഞിരുന്നു. അന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോള്‍ സിനിമ യാഥാര്‍ത്ഥ്യമായതില്‍ അതിയായ സന്തോഷമുണ്ട്,’ പൃഥ്വിരാജ് പറയുന്നു.
ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ അന്ധാദുനില്‍ ആയുഷ്മാന്‍ ഖുരാന, രാധിക ആപ്‌തെ, തബു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
മമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, ജഗദീഷ് എന്നിവരാണ് ഭ്രമത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലൂടെ അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ചിത്രം ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈം വീഡിയോസിലൂടെ റിലീസ് ചെയ്യും.
ഛായാഗ്രാഹകന്‍ കൂടിയായ രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ്.