Film News
ആഷിഖ് അബുവിന്റെ നീലവെളിച്ചത്തില്‍ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറി; പകരമെത്തുന്നത് ഈ രണ്ട് യുവതാരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 28, 04:11 pm
Monday, 28th February 2022, 9:41 pm

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തില്‍ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറി. ഡേറ്റ് ക്ലാഷുകള്‍ മൂലമാണ് ഇരുവരും ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.

ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് മാര്‍ച്ച് 10 ന് ജോര്‍ദാനിലേക്ക് പോകാനൊരുങ്ങുകയാണ്. ജൂണ്‍ ആദ്യമേ കേരളത്തിലേക്ക് മടങ്ങിയെത്തൂ. കുഞ്ചാക്കോ ബോബന്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലുമാണ്.

പൃഥ്വിരാജിന്റേയും കുഞ്ചാക്കോ ബോബന്റേയും ഡേറ്റ് ക്ലാഷുകളെത്തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് വീണ്ടും നീളുമെന്ന് വന്നതോടെ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ പുതിയ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് ആഷിഖ് അബുവും നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയും.

പൃഥ്വിരാജിന് പകരക്കാരനായി ടൊവിനോ തോമസും കുഞ്ചാക്കോ ബോബന് പകരക്കാരനായി ആസിഫ് അലിയും ആണ് എത്തുന്നത്. ടൊവിനോ തന്നെയാണ് കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തല്ലുമാലയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം ടൊവിനോ നീലവെളിച്ചത്തില്‍ ജോയിന്‍ ചെയ്യും.

പിണറായി ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അവിടെയുള്ള ഒരു പ്രാചീന ബ്രിട്ടീഷ് ബംഗ്ലാവ് ഇതിനുവേണ്ടി പ്രത്യേകം മോടി പിടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അടിസ്ഥാനമാക്കി വിന്‍സെന്റ് മാഷ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭാര്‍ഗവി നിലയം.

അതിന്റെ റീമേക്കാണ് നീലവെളിച്ചം. ഭാര്‍ഗവി നിലയത്തില്‍ മധു ചെയ്ത കഥാപാത്രം ടൊവിനോയും പ്രേംനസീര്‍ ചെയ്ത കഥാപാത്രം ആസിഫ് അലിയും അവതരിപ്പിക്കുമെന്നാണ് സൂചന. ഇവരെ കൂടാതെ സൗബിനാണ് ഈ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു താരം. ശ്യാം പുഷ്‌ക്കരനാണ് നീലവെളിച്ചത്തിനുവേണ്ടി സംഭാഷണങ്ങള്‍ എഴുതുന്നത്.


Content Highlight: Prithviraj and Kunchacko Boban withdrew from the neelavelicham of Aashiq Abu