ഐ.പി.എല്‍ 2023ല്‍ വീണ്ടും പരാജയമായി ദല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ താരം പൃഥ്വി ഷാ. ശനിയാഴ്ച, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തില്‍ ഒരിക്കല്‍ക്കൂടി സംപൂജ്യനായാണ് ഷാ പുറത്തായത്.
ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ റണ്‍ ഔട്ടായിട്ടാണ് താരം പവലിയനിലേക്ക് തിരിച്ചുനടന്നത്. ഒരു റണ്‍സ് പോലും സ്വന്തം അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കാതെയാണ് ഷാ ഒരിക്കല്‍ക്കൂടി പരാജയമായത്.
സീസണില്‍ ഇതുവരെ ദല്‍ഹിക്ക് വേണ്ടി അഞ്ച് മത്സരങ്ങള്‍ കളിച്ച പൃഥ്വി ഷാ ആകെ നേടിയത് 34 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 15. ശരാശരിയാകട്ടെ 6.80ഉം.
12 (9), 7 (5), 0 (3), 15 (10), 0 (2) എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് മത്സരത്തില്‍ നിന്നുമായി പൃഥ്വി ഷായുടെ സമ്പാദ്യം.
പൃഥ്വി ഷായെ ഇന്ത്യന്‍ ടീമിലെടുക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ത്തുന്ന ആരാധകരെ നോക്കി കൊഞ്ഞനം കുത്തുന്ന രീതിയിലാണ് താരം ഈ സീസണില്‍ ബാറ്റ് വീശുന്നത്. ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും അന്താരാഷ്ട്ര ബൗളര്‍മാര്‍ക്ക് മുമ്പില്‍ ഷായ്ക്ക് മുട്ടുവിറയ്ക്കുകയാണ്.
പല താരങ്ങളെയും ബി.സി.സി.ഐ അകാരണമായി തഴയുമ്പോഴും തന്നെ ടീമിലെടുക്കാതെ തഴയുന്നതിന്റെ പ്രധാന കാരണം താന്‍ തന്നെയാണെന്ന് ഷാ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 23 റണ്‍സിനായിരുന്നു ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പരാജയം. ആര്‍.സി.ബി ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 151 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് വേണ്ടി വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. കോഹ്‌ലിക്ക് പുറമെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും ഗ്ലെന്‍ മാക്‌സ് വെല്ലും ഷഹബാസ് അഹമ്മദും തങ്ങളുടെ സംഭാവനകള്‍ നല്‍കിയപ്പോള്‍ ടീം സ്‌കോര്‍ 174ലേക്കുയര്‍ന്നു.
— Royal Challengers Bangalore (@RCBTweets) April 15, 2023
മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിനായി മനീഷ് പാണ്ഡേ മാത്രമാണ് ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയത്. പാണ്ഡേ 38 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. പാണ്ഡേക്ക് പുറമെ 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും പുറത്താകാതെ 23 റണ്‍സ് നേടിയ ആന്‍ റിച്ച് നോര്‍ക്യയുമാണ് ചെറിയ തോതിലെങ്കിലും ചെറുത്ത് നിന്നത്.