ലൈംഗികാരോപണം നിഷേധിച്ച് എലിസബത്ത് രാജ്ഞിയുടെ മകന്‍ പ്രിന്‍സ് ആന്‍ഡ്രൂ; ജൂറി വിചാരണ ആവശ്യപ്പെട്ടു
World News
ലൈംഗികാരോപണം നിഷേധിച്ച് എലിസബത്ത് രാജ്ഞിയുടെ മകന്‍ പ്രിന്‍സ് ആന്‍ഡ്രൂ; ജൂറി വിചാരണ ആവശ്യപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th January 2022, 1:35 pm

ലണ്ടന്‍: ലൈംഗികാരോപണക്കേസില്‍ ജൂറി വിചാരണ ആവശ്യപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബാംഗം പ്രിന്‍സ് ആന്‍ഡ്രൂ.

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിലവിലുള്ള കേസില്‍ അവിടെ ജൂറി വിചാരണ അനുവദിക്കണമെന്നാണ് എലിസബത്ത് രാജ്ഞിയുടെ മകന്‍ കൂടിയായ പ്രിന്‍സ് ആന്‍ഡ്രൂ ആവശ്യപ്പെട്ടത്.

തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പ്രിന്‍സ് ആന്‍ഡ്രൂ നിഷേധിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ എന്ന പേരിലാണ് ഇപ്പോള്‍ ജൂറി വിചാരണ ആവശ്യപ്പെട്ടിരിക്കുന്നത്.

ആന്‍ഡ്രൂവിന്റെ അഭിഭാഷകരാണ് ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ഇതിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

2001ല്‍, തനിക്ക് 17 വയസുള്ളപ്പോള്‍ ലണ്ടനില്‍ വെച്ച് പ്രിന്‍സ് ആന്‍ഡ്രൂ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് വിര്‍ജീനിയ ഗ്വുഫ്രെയുടെ ആരോപണം.

കഴിഞ്ഞ ആഗസ്റ്റിലായിരുന്നു യോര്‍ക് പ്രഭുവായ (Duke of York) പ്രിന്‍സ് ആന്‍ഡ്രൂവിനെതിരെ 38കാരിയായ വിര്‍ജീനിയ ഗ്വുഫ്ര് ലൈംഗികാരോപണം ഉന്നയിച്ചത്.

ആരോപണങ്ങളെത്തുടര്‍ന്ന് പ്രിന്‍സ് ആന്‍ഡ്രൂവിന്റെ സൈനിക പദവികള്‍ ബ്രിട്ടീഷ് രാജകുടുംബം ഈ മാസമാദ്യം നീക്കം ചെയ്തിരുന്നു. റോയല്‍ ഡ്യൂട്ടികളില്‍ നിന്നും ആന്‍ഡ്രൂ പിന്‍വലിയുകയും ചെയ്തിട്ടുണ്ട്.


Content Highlight: Prince Andrew seeking jury trial in sex abuse case in America