Advertisement
Kerala News
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം; റോഡില്‍ കെട്ടിയ വടം കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 15, 03:39 am
Monday, 15th April 2024, 9:09 am

കൊച്ചി: എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വടുതല സ്വദേശി മനോജാണ് മരിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷക്ക് വേണ്ടി റോഡിന്റെ സൈഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരങ്ങിയാണ് മരണം.

എറണാകുളം വളഞ്ഞമ്പലത്ത് ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. വി.വി.ഐ.പി സുരക്ഷയുടെ ഭാഗമായി റോഡിന് കുറുകെ കയര്‍ കെട്ടിയിരുന്നു. മനോജിന്റെ വാഹനം കടന്ന് പോകുമ്പോള്‍ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നതായും യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.

കയര്‍ കെട്ടിയതിനാല്‍ വാഹനങ്ങള്‍ മറ്റൊരു വഴിയിലൂടെ തിരിച്ച് വിട്ടിരുന്നെന്നും പൊലീസ് പറഞ്ഞു. മനോജിന്റെ വാഹനം കടന്ന് വരുന്നത് കണ്ടപ്പോള്‍ കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോയതാണ് അപകടം ഉണ്ടാകാന്‍ കാരണമെന്നും പൊലീസ് പറഞ്ഞു.

കയര്‍ കഴുത്തില്‍ കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ മനോജിനെ പൊലീസുകാര്‍ തന്നെയാണ് തൊട്ടുടത്ത ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രാത്രിയോടെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചിയില്‍ വലിയ ഗതാഗത നിയന്ത്രണമാണ് പൊലീസ് ഏര്‍പ്പെടുത്തിയത്.

Content Highlight: Prime Minister’s visit to Kerala; A rope tied on the road, scooter passenger died