ന്യൂദല്‍ഹി: പാര്‍ലമെന്റ് പണിതപ്പോഴല്ല പാവങ്ങള്‍ക്ക് വീടും ശുചിമുറികളും നിര്‍മിച്ചപ്പോഴാണ് താന്‍ ഏറെ സന്തോഷിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പാരമ്പര്യത്തിന്റെ പ്രതീകവും പുതിയ കാലഘട്ടത്തില്‍ രാജ്യത്തിന്റെ പുരോഗതിയുടെ മുന്നോട്ട് പോക്കിന്റെ അടയാളവുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രതികരണം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റണമെന്നും അതിനായി കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
12.45 മുതല്‍ 1.30 വരെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. എന്നാല്‍ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനെക്കുറിച്ചോ, ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിലോ അദ്ദേഹം സംസാരിച്ചില്ല.
വരും തെരഞ്ഞെടുപ്പുകളില്‍ മണ്ഡല പുനര്‍നിര്‍ണയം അടക്കമുണ്ടാകുമെന്നുള്ള സൂചനയും പ്രധാനമന്ത്രി പ്രസംഗത്തിനിടെ നല്‍കി. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും അതുകൊണ്ടാണ് പുതിയ പാര്‍ലമെന്റില്‍ ഇരിപ്പിടങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Delighted to see Sengol being recognized at the inauguration of the new building of the Indian Parliament. Its august presence illustrates how heritage and progress merge beautifully, giving us added inspiration to fulfil people’s aspirations. pic.twitter.com/LurlM4opbo
— Narendra Modi (@narendramodi) May 28, 2023
‘വൈവിധ്യങ്ങളുടെ ഉദാഹരണവും ജനാധിപത്യത്തിന്റെ പ്രകാശവുമാണ് പുതിയ മന്ദിരം. ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. രാജ്യം മുന്നോട്ട് പോയാല്‍ ലോകവും പുരോഗമിക്കും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വികസന യാത്രയിലെ ചരിത്ര മുഹൂര്‍ത്തമാണ്. ഇന്നത്തെ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തും. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പുതിയ മന്ദിരം.
അമൃത് മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് ഈ മന്ദിരം. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം ലക്ഷ്യത്തിലെത്തിയതിന്റെ അടയാളമാണ് മന്ദിരം,’ മോദി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു.
രാവിലെ ഏഴ് മണിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തി. തുടര്‍ന്ന് പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥനാ ചടങ്ങുകളും ഉണ്ടായിരുന്നു.
Content Highlight: Prime Minister Narendra Modi said that he was most happy when houses and toilets were built for the poor and not when Parliament was built