national news
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മമത വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പങ്കെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 15, 03:21 am
Wednesday, 15th June 2022, 8:51 am

ന്യൂദല്‍ഹി: വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിന് യോഗം വിളിച്ചുചേര്‍ത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. യോഗത്തില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും.

സാധാരണഗതിയില്‍ കോണ്‍ഗ്രസാണ് ഇത്തരത്തില്‍ യോഗം വിളിക്കാറുള്ളത്. ഇതാദ്യമായാണ് മമത ബാനര്‍ജിയുടെ കീഴില്‍ യോഗം ചേരുന്നത്.

കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മമത യോഗം വിളിച്ച രീതിയെ എതിര്‍ത്തിരുന്നു. പ്രതിപക്ഷ ഐക്യം എന്ന ആവശ്യം മാത്രം മുന്‍നിര്‍ത്തിയാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് ഇരു പാര്‍ട്ടികളും നേരത്തെ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച വൈകീട്ട് ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലായിരിക്കും യോഗം നടക്കുക.

കഴിഞ്ഞ ദിവസം യോഗവുമായി ബന്ധപ്പെട്ട് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും മമത ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ബുധനാഴ്ച നടക്കാനിരിക്കുന്ന യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക,

മുതിര്‍ന്ന നേതാവും ജനങ്ങള്‍ക്ക് സ്വീകാര്യനുമായ പവാറിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ താത്പര്യപ്പെടുന്നുണ്ടെന്ന് എന്‍.സി.പി വ്യക്തമാക്കിയിരുന്നു.

ജൂണ്‍ 20നായിരിക്കും സ്ഥാനാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തുക.

ചൊവ്വാഴ്ച മുംബൈയില്‍ നിന്നുമെത്തിയ പവാര്‍ സി.പി.ഐ.എമ്മിന്റെ സീതാറാം യെച്ചൂരിയുമായും, സി.പി.ഐയുടെ ഡി. രാജയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യസഭ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ചീഫ് വിപ്പ് ജയ്‌റാം രമേശ്, ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല എന്നിവരായിരിക്കും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ജൂണ്‍ 15നായിരിക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനമിറങ്ങുക. ജൂണ്‍ 29വരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാം. ജൂണ്‍ 30നായിരിക്കും സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ സൂക്ഷമപരിശോധന ചെയ്യുക. ജൂലൈ രണ്ട് വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ട്. നിലവില്‍ ജൂലൈ 18ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. ദല്‍ഹിയില്‍ ജൂലൈ 21നായിരിക്കും വോട്ടെണ്ണല്‍ നടത്തുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Content Highlight: Presidential election: Congress and Left parties will attend a meeting convened by Mamata