ന്യൂദൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തനിച്ച് 370 സീറ്റുകൾ നേടുന്നതിന് യാതൊരു സാധ്യതകളുമില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.
നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിക്ക് 370 സീറ്റുകൾ ലഭിക്കുകയാണെങ്കിൽ അത് തനിക്ക് ആശ്ചര്യമുണ്ടാക്കുമെന്നും ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സംഖ്യയെ കുറിച്ച് പാർലമെന്റിലാണ് സംസാരിച്ചത്. പക്ഷേ എനിക്ക് തോന്നുന്നത് ഇത് ബി.ജെ.പി പ്രവർത്തകർക്കുള്ള ഒരു ലക്ഷ്യമാണ്, മറിച്ച് സാധ്യതയല്ല,’ അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ട ചർച്ചക്കിടയിലാണ് ബി.ജെ.പി മാത്രം 370 സീറ്റുകൾ നേടുമെന്ന് നരേന്ദ്ര മോദി പാർലമെന്റിൽ പറഞ്ഞത്. എൻ.ഡി.എ മുന്നണിക്ക് 400 സീറ്റുകൾ ലഭിക്കുമെന്നും പറഞ്ഞു.
തുടർന്ന് പങ്കെടുത്ത വിവിധ റാലികളിലും 370 സീറ്റുകൾ നേടുമെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നു.
അതേസമയം പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തെലങ്കാനയിലും ബി.ജെ.പി മികച്ച പ്രകടനം നടത്തുമെന്നും പ്രശാന്ത് കിഷോർ പ്രവചിച്ചു.
‘ബംഗാളിൽ ബി.ജെ.പി മികച്ച പ്രകടനം നടത്താനുള്ള സാധ്യതയുണ്ട്. തമിഴ്നാട്ടിൽ ആദ്യമായി അവർ രണ്ടക്കം കടന്നേക്കും. തെലങ്കാനയിലും അവർ മികച്ച പ്രകടനം തന്നെ നടത്തും.
സന്ദേശ്കാലി പോലെയുള്ള വിഷയങ്ങൾ ബംഗാൾ സർക്കാരിന് തിരിച്ചടിയാകും. എന്നാൽ സന്തേശ്കാലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ബി.ജെ.പി ബംഗാളിൽ വളരുകയാണ്. ബംഗാളിൽ ബി.ജെ.പിയുടെ കഥ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നവർക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഒരു ആശ്ചര്യമായിരിക്കും,’ പ്രശാന്ത് കിഷോർ വിലയിരുത്തി.
ബിജെപി 2024 തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജനാധിപത്യ സ്ഥാപനങ്ങളെല്ലാം ക്ഷയിക്കുന്നത് തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബി.ജെ.പി മാത്രമല്ല, ഒരു വ്യക്തിയോ സംഗമോ കൂടുതൽ ശക്തമാകുമ്പോൾ ജനാധിപത്യം ദുർബലമാകുമെന്നും അതിനുദാഹരണമാണ് ഇന്ദിര ഗാന്ധി എന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ഇന്ത്യ ചൈനയെപ്പോലെ ആകില്ലെങ്കിലും ഏകാധിപത്യ ഭരണം കൂടുതൽ വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യ സഖ്യം ഇപ്പോൾ ചെയ്യുന്നത് കഴിഞ്ഞവർഷം തന്നെ ചെയ്യേണ്ടിയിരുന്നു എന്നും കഴിഞ്ഞവർഷം ഏഴു മുതൽ പത്ത് ദിവസത്തിൽ കൂടുതൽ ഇന്ത്യ സഖ്യം പ്രവർത്തിച്ചിട്ടില്ല എന്നും അദ്ദേഹം വിമർശിച്ചു.