Sports News
സച്ചിന്‍ കപ്പടിച്ചു, ഇനി ഈ ഇന്ത്യന്‍ ലെജന്‍ഡിന്റെ ഊഴം; ദില്‍ഷന്റെ പോരാട്ടം പാഴായി, ശ്രീലങ്കയെ തകര്‍ത്ത് ഫൈനലിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
21 hours ago
Tuesday, 18th March 2025, 7:43 am

ഏഷ്യന്‍ ലെജന്‍ഡ്‌സ് ലീഗില്‍ ശ്രീലങ്ക ലയണ്‍സിനെ തകര്‍ത്ത് ഇന്ത്യ റോയല്‍സ് ഫൈനലില്‍. കഴിഞ്ഞ ദിവസം ഉദയ്പൂരിലെ മിറാജ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ 12 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ റോയല്‍സ് ഉയര്‍ത്തിയ 149 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക ലയണ്‍സിന് നിശ്ചിത ഓവറില്‍ 136 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 20 കടക്കും മുമ്പ് ഓപ്പണര്‍മാര്‍ രണ്ട് പേരെയും റോയല്‍സിന് നഷ്ടമായി. നമന്‍ ഓജ 13 പന്തില്‍ പത്ത് റണ്‍സ് നേടിയപ്പോള്‍ നാല് പന്തില്‍ രണ്ട് റണ്‍സാണ് രാഹുല്‍ യാദവിന് നേടാന്‍ സാധിച്ചത്.

മൂന്നാം വിക്കറ്റില്‍ യോഗേഷ് നാഗറിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ഫയാസ് ഫസല്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ റോയല്‍സിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 66 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 83ല്‍ നില്‍ക്കവെ നാഗറിനെ മടക്കി വികും സഞ്ജയ കൂട്ടുകെട്ട് പൊളിച്ചു. 27 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്.

അധികം വൈകാതെ ക്യാപ്റ്റനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 36 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും അടക്കം 41 റണ്‍സ് നേടിയാണ് ഫയാസ് പുറത്തായത്. ദില്‍ഷനാണ് വിക്കറ്റെടുത്തത്.

13 പന്തില്‍ പുറത്താകാതെ 25 റണ്‍സുമായി മന്‍പ്രീത് ഗോണിയും 11 പന്തില്‍ പത്ത് റണ്‍സുമായി ബിപുല്‍ ശര്‍മയും ചെറുത്തുനിന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ 20 ഓവറില്‍ 148ലെത്തി.

ശ്രീലങ്ക ലയണ്‍സിനായി വികും സഞ്ജയ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രണ്ട് വിക്കറ്റുമായി ദില്‍ഷനും തിളങ്ങി. മലിന്ദ പുഷ്പകുമാര, രവീണ്‍ സയാര്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സ് നിരയില്‍ ദില്‍ഷന്‍ ഒഴികെ മറ്റൊര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഒരുവശത്ത് ദില്‍ഷന്‍ ഉറച്ചുനിന്നപ്പോള്‍ മറുവശത്തെ ആക്രമിച്ചാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കളിപിടിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ 13 സിക്‌സറുമായി വെടിക്കെട്ട് സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ തിസാര പെരേരയടക്കമുള്ളവര്‍ പാടെ നിരാശപ്പെടുത്തി. ഏഴ് പന്തില്‍ ആറ് റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാന്‍ സാധിച്ചത്.

50 പന്തില്‍ 69 റണ്‍സുമായി ദില്‍ഷന്‍ പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കാതെ പോയതോടെ ശ്രീലങ്ക ലയണ്‍സ് 136ല്‍ പോരാട്ടം അവസാനിപ്പിച്ചു.

ഇന്ത്യ റോയല്‍സിനായി മന്‍പ്രീത് ഗോണി, ബിപുല്‍ ശര്‍മ, ഷദാബ് ജകാതി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. പെരേരയടക്കമുള്ള രണ്ട് ലങ്കന്‍ താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ അനുരീത് സിങ്ങും കരണ്‍വീര്‍ സിങ്ങുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ ആദ്യ ക്വാളിഫയറില്‍ തങ്ങളെ പരാജയപ്പെടുത്തി ഫൈനലിന് യോഗ്യത നേടിയ ഏഷ്യ സ്റ്റാര്‍സിനെയാണ് ഇന്ത്യ റോയല്‍സിന് നേരിടാനുള്ളത്. ഇന്ന് (മാര്‍ച്ച് 18) ഉദയ്പൂരിലാണ് കിരീടപ്പോരാട്ടം.

 

Content Highlight: India Royals entered the finals of the Asian Legends League by defeating Sri Lanka Lions.