Entertainment
സെറ്റില്‍ എല്ലാവരോടും പേര് വിളിച്ച് സംസാരിക്കും; ആ നടനെ കണ്ട് ഇതെന്താ ഇങ്ങനെയെന്ന് ഞാന്‍ ചിന്തിച്ചു: സുരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍. തമിഴ് സിനിമാ ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനാകുന്നത് ചിയാന്‍ വിക്രമാണ്. അദ്ദേഹത്തിന്റെ 62മത് ചിത്രമാണ് വീര ധീര സൂരന്‍. സുരാജ് വെഞ്ഞാറമൂടിന് പുറമെ എസ്.ജെ. സൂര്യ ഉള്‍പ്പടെയുള്ള മികച്ച താരനിരയാണ് ഈ സിനിമയില്‍ ഉള്ളത്.

ഇപ്പോള്‍ വീര ധീര സൂരന്‍ സിനിമയുടെ ലൊക്കേഷനെ കുറിച്ചും ചിയാന്‍ വിക്രത്തെ കുറിച്ചും പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

സാധാരണ സിനിമയിലെ ഹീറോ ലൊക്കേഷനിലേക്ക് വരുമ്പോള്‍ ആരും കൂടുതല്‍ അടുത്തേക്ക് പോകില്ലെന്നും എന്നാല്‍ വിക്രം വരുമ്പോള്‍ തേനീച്ചക്കൂട് പോലെ എല്ലാവരും അദ്ദേഹത്തിന് ചുറ്റും കൂടുമെന്നുമാണ് സുരാജ് പറയുന്നത്.

‘ലൊക്കേഷനില്‍ വിക്രം സാര്‍ വേറെ രീതിയിലാണ്. സാധാരണ ലൊക്കേഷനിലേക്ക് സിനിമയിലെ ഹീറോ വരുമ്പോള്‍ ആരും കൂടുതല്‍ അടുത്തേക്ക് പോകില്ല. ആ ഹീറോയോടുള്ള ബഹുമാനം കാരണമാണ് അത്. ബഹുമാനം കാരണം പലപ്പോഴും കുറച്ച് പിന്നിലായിട്ടാണ് നില്‍ക്കുക.

പക്ഷെ വിക്രം സാര്‍ ലൊക്കേഷനിലേക്ക് വരുമ്പോള്‍ തേനീച്ചക്കൂട് പോലെ എല്ലാവരും അദ്ദേഹത്തിന് ചുറ്റും കൂടും. അപ്പോള്‍ ഞാന്‍ ഇതെന്താ ഇങ്ങനെയെന്ന് ചിന്തിക്കും. ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ട്.

വിക്രം സാര്‍ ലൊക്കേഷനില്‍ ആളുകളോട് സംസാരിക്കുമ്പോള്‍ ഓരോരുത്തരുടെയും പേര് വിളിച്ചിട്ടാണ് സംസാരിക്കുക. അത് ശരിക്കും എനിക്ക് ഒരു പുതിയ കാര്യം തന്നെയായിരുന്നു.

എല്ലാ ഡിപ്പാര്‍ട്‌മെന്റിലെയും ആളുകളോട് അദ്ദേഹം സംസാരിക്കും. ഇനി ആരെങ്കിലും അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നിട്ടില്ലെങ്കില്‍ ‘ഡേയ് കുമാര്‍, നിനക്ക് എങ്ങനെയുണ്ട്’ എന്ന് വിക്രം സാര്‍ ഉറക്കെ വിളിച്ച് ചോദിക്കും. സത്യമാണ് ഞാന്‍ പറയുന്നത്,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.


Content Highlight: Suraj Venjaramoodu Talks About Chiyaan Vikram And Location Experience Of Veera Dheera Sooran Movie