World News
ഗസയിലെ യു.എന്‍ കെട്ടിടത്തെ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം; ഒരു മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 19, 03:46 pm
Wednesday, 19th March 2025, 9:16 pm

ജെറുസലേം: ഗസയിലെ യു.എന്‍ കെട്ടിടത്തെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി ഇസ്രഈല്‍. ദെയ്ര്‍ അല്‍ബലയിലെ യു.എന്‍ കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ യു.എന്നിലെ ആറ് വിദേശ ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൈന്‍ ആക്ഷന്‍ സര്‍വീസിലെ ജീവനക്കാരാണ് ആക്രമണത്തിനിരയായത്.

ആക്രമണങ്ങള്‍ നടക്കുന്ന മേഖലകളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ നീക്കം ചെയ്യുന്ന പദ്ധതിയാണ് മൈന്‍ ആക്ഷന്‍. അതേസമയം യു.എന്‍ കെട്ടിടത്തിനെതിരായ ആക്രമണം ഇസ്രഈല്‍ സൈന്യമായ ഐ.ഡി.എഫ് നിഷേധിച്ചു. വ്യാജവാര്‍ത്തകളില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഐ.ഡി.എഫ് പറഞ്ഞു.

ഒരിടവേളക്ക് ശേഷം ഇസ്രഈല്‍ ഗസയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇസ്രഈല്‍ ഗസയിലെ ആക്രമണം കടുപ്പിച്ചത്. വെടിനിര്‍ത്തല്‍ കരാറിലെ രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കുള്ള നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടിയാണ് ഇസ്രഈലിന്റെ ആക്രമണം.

ആക്രമണങ്ങളോട് കൂടിയായിരിക്കും രണ്ടാംഘട്ട ചര്‍ച്ചകള്‍ നടക്കുക എന്നാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്.
ഇതിനിടെ അമേരിക്കയുടെ അറിവോടെയാണ് ഗസയില്‍ ഇസ്രഈല്‍ ആക്രമണം പുനരാരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വൈറ്റ് ഹൗസ് സെക്രട്ടറിയായ കരോലിന്‍ ലീവിറ്റ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഗസ സിറ്റി, ഡെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രഈല്‍ നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമായിരുന്നു ഇത്. ഈ ആക്രമണങ്ങളില്‍ 183 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇന്ന് (ബുധന്‍) പുലര്‍ച്ചെ നടന്ന ആക്രമണങ്ങളില്‍ മാത്രമായി കുറഞ്ഞത് 29 പേരാണ് ഗസയില്‍ കൊല്ലപ്പെട്ടത്.

ഇതോടെ തീവ്രവലതുപക്ഷ നേതാവായ ബെന്‍ ഗ്വിര്‍ നെതന്യാഹുവിന്റെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ബെന്‍ ഗ്വിര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഗസയില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം രൂക്ഷമാക്കിയതോടെ ബെന്‍ ഗ്വിര്‍ മന്ത്രിസഭയെ കൂടി പിന്തുണക്കുമെന്നാണ് വിവരം. രാജിവെച്ചെങ്കിലും നെതന്യാഹു സര്‍ക്കാരിനുള്ള പിന്തുണ ബെന്‍ ഗ്വിര്‍ പിന്‍വലിച്ചിരുന്നില്ല.

Content Highlight: Israeli attack targets UN building in Gaza; one dead