ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഐ.പി.എല്ലിന്റെ പുതിയ സീസണിനെ കാത്തിരിക്കുന്നത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
ഐ.പി.എല്ലിലെ വമ്പന്‍ മത്സരങ്ങളിലൊന്നായ ചെന്നൈ – മുംബൈ മത്സരത്തിനാണ് ആരാധകരിടെ മറ്റൊരു കാത്തിരിപ്പ്. മാര്‍ച്ച് 23നാണ് മെഗാ ഇവന്റ്. ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ ഇറങ്ങുന്നത്.
എന്നാല്‍ അതിനേക്കാള്‍ ഏറെ ആരാധകരെ ആവേശത്തിലാക്കുന്നത് സൂപ്പര്‍ താരം എം.എസ്. ധോണിയുടെ തിരിച്ചുവരവാണ്. ഐ.പി.എല്ലിന്റെ 18ാം സീസണില്‍ ധോണി കളത്തിലിറങ്ങുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകരും. ഇപ്പോള്‍ ധോണിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഇ.എസ്.പിഎന്‍.ക്രിക്ഇന്‍ഫോയിലെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.
‘കഴിഞ്ഞ വര്‍ഷം ധോണി മികച്ച പ്രകടനമാണ് നടത്തിയത്. ഞങ്ങളുടെ ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ വെച്ചാണ് ഞാന്‍ അവനെ പിന്നീട് കണ്ടത്. അവന്‍ വളരെ ഫിറ്റ് ആയി കാണപ്പെട്ടു. ഞാന്‍ അവനോട് ചോദിച്ചു, ‘നീ എന്താണ് ചെയ്യുന്നത്, ബുദ്ധിമുട്ടുകള്‍ ഒന്നും തോന്നുന്നില്ലേ? എന്ന്,’ ‘ഇത് ബുദ്ധിമുട്ടാണ്, പക്ഷേ എനിക്ക് ഇഷ്ടമുള്ള ഒരേയൊരു കാര്യം ഇതാണ്. ഞാനത് ചെയ്യുന്നു. എപ്പോഴും ക്രിക്കറ്റ് കളിക്കുക എന്നതാണ് എന്റെ ചിന്ത. ക്രിക്കറ്റ് ഇല്ലാതെ എനിക്ക് പറ്റില്ല,’ ധോണി പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
മാത്രമല്ല യുവ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഷ്ടപ്പെടുമമ്പോള്‍ 43ാം വയസിലും ധോണി ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുകയും കൃത്യമായി പരിശീലനം നടത്തുന്നതിനേക്കുറിച്ചും ഹര്‍ഭജന്‍ സൂചിപ്പിച്ചു.
‘മറ്റുള്ളവരേക്കാള്‍ മികച്ച എന്തെങ്കിലും അദ്ദേഹം ചെയ്യുന്നുണ്ടാകണം. അയാള്‍ ഇപ്പോഴും ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുകയാണ്. കഴിഞ്ഞ സീസണില്‍, അദ്ദേഹം എല്ലാ ബൗളര്‍മാരെയും, അന്താരാഷ്ട്ര ബൗളര്‍മാരെയും, ആഭ്യന്തര മുന്‍നിര ബൗളര്‍മാരെയും നേരിട്ടു. അതിനാല്‍ 2-3 മാസമായി അദ്ദേഹം ചെയ്യുന്ന പരിശീലനത്തില്‍ വളരെയധികം പന്തുകള്‍ നേരിടുന്നുണ്ടാകണം,’ ഹര്‍ഭജന്‍ പറഞ്ഞു.
Content Highlight: Harbhajan Singh Talking About M.S. Dhoni